നിർമലഗിരി കോളജിന് സ്വയംഭരണ പദവി
Friday, March 7, 2025 1:33 AM IST
കൂത്തുപറമ്പ് (കണ്ണൂർ): കൂത്തുപറന്പ് നിർമലഗിരി കോളജിന് സ്വയംഭരണ പദവി ലഭിച്ചതായി കോളജ് മാനേജർ മോൺ. ആന്റണി മുതുകുന്നേലും ബർസാർ റവ. ഡോ. തോമസ് കൊച്ചുകരോട്ടും പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച് യുജിസിയും കണ്ണൂർ സർവകലാശാലയും ഉത്തരവിറക്കി.
ഇതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സ്വയം ഭരണാനുമതി ലഭിക്കുന്ന ആദ്യത്തെ ആർട്സ് ആൻഡ് സയൻസ് കോളജായി നിർമലഗിരി കോളജ് മാറി.
യുജിസിയുടെ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയതിനോടൊപ്പമാണ് കോളജിനു പുതിയ അംഗീകാരം കൂടി ലഭിച്ചിരിക്കുന്നത്. എൻഐആർഎഫ് റാങ്കിംഗിൽ തുടർച്ചയായി ഉയർന്ന റാങ്കും കോളജ് നിലനിർത്തുന്നുണ്ട്.
സ്വയം ഭരണപദവി ലഭിച്ചതോടെ വിദ്യാർഥികളുടെ പ്രവേശനം, പുതിയ കോഴ്സുകൾ ആരംഭിക്കൽ, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം, ഫല പ്രഖ്യാപനങ്ങൾ എന്നീ ഉത്തരവാദിത്വങ്ങൾ കോളജിനുതന്നെ നിർവഹിക്കാൻ സാധിക്കും.
തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് കോളജിന്റെ രക്ഷാധികാരി. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ടി. കെ. സെബാസ്റ്റ്യൻ, സീനിയർ അധ്യാപകൻ പ്രഫ. സാബു സെബാസ്റ്റ്യൻ, പിടിഎ വൈസ് പ്രസിഡന്റ് വിനീത നെബു എന്നിവരും പങ്കെടുത്തു.