വന്യജീവി ആക്രമണം: ഭൂരിഭാഗം മരണങ്ങളും പാമ്പുകടിയേറ്റ്
Thursday, March 6, 2025 2:52 AM IST
കൊച്ചി: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ ഏറ്റവുമധികം മരണം സംഭവിക്കുന്നത് പാമ്പുകടിയേറ്റ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ 1531 മരണങ്ങളാണ് വിവിധ ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതില്‍ 75 ശതമാനം മരണങ്ങളും പാമ്പുകടിയേറ്റാണ്. 1150 പേരാണ് ഇത്തരത്തില്‍ മരിച്ചത്. 2018ലാണ് ഏറ്റവുമധികം മരണങ്ങള്-123. 2024 ജനുവരി മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ 32 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആനയുടെ ആക്രമണത്തില്‍ 14 വര്‍ഷത്തിനിടെ 280 പേർ കൊല്ലപ്പെട്ടു. 2021ല്‍ 35 പേര് കൊല്ലപ്പെട്ടതാണ് നിലവിലെ ഉയര്‍ന്ന മരണനിരക്ക്. സമീപ ദിവസങ്ങളിലടക്കം വന്യജീവി ആക്രമണങ്ങളെത്തുടര്‍ന്നുള്ള മരണങ്ങള് കൂടിവരുന്ന സാഹചര്യത്തില്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ പത്തിന കര്മപരിപാടികളടക്കം ആസൂത്രണം ചെയ്യാനൊരുങ്ങുകയാണ് വനംവകുപ്പ്.
2011 മുതല്‍ ഇതുവരെ 63 പേര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ജീവന് നഷ്ടമായത്. 11 പേരെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയപ്പോള്‍ പത്തു പേര് കാട്ടുപോത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ചു. 146 പേര് മരിച്ച 2018ലാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളെത്തുടര്‍ന്നുള്ള ഏറ്റവുമധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.