ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒന്നാംപ്രതി കീഴടങ്ങി
Friday, March 7, 2025 2:29 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസിലെ ഒന്നാംപ്രതിയായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ട്യൂഷന് സെന്റര്‍ സിഇഒ എം.എസ്. മുഹമ്മദ് ഷുഹൈബ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ രാവിലെ തള്ളിയതിനു പിന്നാലെ ഷുഹൈബ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയതില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നും കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും പ്രവചിക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്റെ വാദം. ഷുഹൈബ് പറഞ്ഞതു നുണയാണെന്നു മലപ്പുറത്തെ അണ് എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറിന്റെ അറസ്റ്റിലൂടെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
സ്കൂളിലെത്തിയ കെട്ടുപൊട്ടിച്ച് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് മലപ്പുറം സ്വദേശിയും എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകനുമായ ഫഹദിന് വാട്സാപ്പിലൂടെ അയച്ചുകൊടുത്തത് അബ്ദുള്‍ നാസറായിരുന്നു. ഇതാണ് എംഎസ് സൊല്യൂഷന്‍സ് ചാനലിലൂടെ പരീക്ഷയുടെ തലേദിവസം പ്രവചനം എന്ന പേരില്‍ പുറത്തുവിട്ടത്.
ചാനലില്‍ പറഞ്ഞ ചോദ്യങ്ങളിലേറെയും കൃത്യമായി അതേപടി ചോദ്യപേപ്പറില്‍ വന്നതോടെയാണ്, ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയം ബലപ്പെട്ടത്. പ്യൂണ്‍ അബ്ദുള്‍നാസര്‍ ജോലി ചെയ്യുന്ന സ്കൂളില്‍ മുമ്പ് ഫഹദും ജോലി ചെയ്തിരുന്നു.
ഇതുവഴിയുള്ള പരിചയത്തിലൂടെയാണു ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഫഹദിനെ കൂടാതെ എംഎസ് സൊല്യൂഷനില്‍ ജോലി ചെയ്തിരുന്ന മറ്റൊരു അധ്യാപകനായ ജിഷ്ണുവിനെയും ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അബ്ദുള്‍ നാസറിനെ സ്കൂള്‍ മാനേജുമെന്റ് സസ്പെന്‍ഡു ചെയ്തിട്ടുണ്ട്. നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഫെബ്രുവരി 25വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടിരുന്നു.
കേസുമായി സഹകരിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിനു മുന്‍പാകെ ഷുഹൈബ് ചോദ്യംചെയ്യലിനു ഹാജരായിരുന്നു.