മാനസികരോഗിയായ പിതാവ് മക്കളുടെ മർദനമേറ്റ് മരിച്ചു
Thursday, March 6, 2025 2:02 AM IST
അഗളി: അട്ടപ്പാടിയിൽ മാനസികരോഗിയായ പിതാവ് മക്കളുടെ മർദനമേറ്റു മരിച്ചു. അഗളി പാക്കുളത്ത് ഓസിത്തിയൂർ ആദിവാസിനഗറിൽ പരേതനായ കൃഷ്ണന്റെ മകൻ ഈശ്വരൻ(58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മക്കളായ മുരുകേഷ് എന്ന രാജേഷ് (32), രഞ്ജിത്ത് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ഈശ്വരന്റെ അമ്മ പാർവതിയുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. മർദനത്തിൽ കൈകാലുകളുടെ എല്ലുകൾ പൊട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
കൃത്യത്തിനുശേഷം വീടിനുള്ളിൽ പായ് വിരിച്ച് മൃതദേഹം കിടത്തി വെള്ളമുണ്ട് പുതപ്പിച്ചശേഷം വീടുപൂട്ടി പ്രതികൾ സ്ഥലംവിടുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നു എന്നുപറയുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസാണു വീട് തുറന്നത്.
25 വർഷമായി ഈശ്വരൻ മാനസികരോഗത്തിനു ചികിത്സയിലാണ്. ഏതാനും ദിവസങ്ങൾക്കുമുൻപ് മകൻ രാജേഷിന്റെ കണ്ണിൽ ഈശ്വരൻ ഇരുമ്പുകമ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. ഈശ്വരന്റെ ശല്യം സഹിക്കാനാവാതെ ഭാര്യ മല്ലിക അടുത്തകാലത്തു സ്വന്തം വീടായ ഗോപനാരിയിലേക്കു മാറിത്താമസിച്ചിരുന്നു.
പ്രതികളായ രാജേഷും രഞ്ജിത്തും വിവാഹിതരാണ്. ഇന്ദുലേഖ ഏകസഹോദരിയാണ്.
മൃതദേഹം ഒസിത്തിയൂർ ആദിവാസിനഗറിലെ വീട്ടിൽ കനത്ത പോലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫോറൻസിക് - വിരലടയാള വിദഗ്ധർ അടക്കം പോലീസ് സംഘം എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഇന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അഗളി പോലീസ് അറിയിച്ചു.