നെല്ലിയാമ്പതിയിൽ പുലിയുടെ ജഡം കണ്ടെത്തി
Thursday, March 6, 2025 2:02 AM IST
നെന്മാറ: നെല്ലിയാമ്പതി എ.വി.ടി. ലില്ലി ഡിവിഷൻ തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്നലെ രാവിലെ തോട്ടത്തിൽ മരുന്നുതളിക്കാൻ പോയ തൊഴിലാളികളാണ് തേയിലച്ചെടികൾക്കിടയിൽ അഴുകിത്തുടങ്ങിയ ജഡം കണ്ടെത്തിയത്.
നെല്ലിയാമ്പതി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേന്ദ്രനും സംഘവും സ്ഥലത്തെത്തി ജഡം പരിശോധിച്ചു. രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷമേ മരണകാരണവും മറ്റും അറിയുകയുള്ളൂ.
ഇന്നു വനം വകുപ്പ് വെറ്ററിനറി സർജനും മറ്റും സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ജഡം സംസ്കരിക്കും.
ചാലക്കുടിയിൽ ഏഴാറ്റുമുഖം ഗണപതി എന്ന ആനയുടെ ചികിത്സാർഥം മൃഗഡോക്ടർമാർ അവിടേക്കു പോയതിനാലാണ് പോസ്റ്റ്മോർട്ടം ഇന്നേക്കു മാറ്റിയതെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. പുലിയുടെ ജഡം സ്ഥലത്തുനിന്നു നീക്കിയിട്ടില്ല.