പ്ലസ് ടുക്കാരുടെ മർദനത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരിക്ക്
Friday, March 7, 2025 2:29 AM IST
തൃപ്പൂണിത്തുറ: പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമർദനത്തിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകർന്ന വിദ്യാർഥി വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് ആമ്പല്ലൂർ സ്വദേശിയായ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
അക്രമത്തിനിരയായ വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ തൃപ്പൂണിത്തുറ സ്വദേശികളായ അഞ്ചു വിദ്യാർഥികൾക്കെതിരേ ഹിൽപാലസ് പോലീസ് കേസെടുത്തു. ഇവരിൽ നാലുപേർ പ്ലസ് ടു വിദ്യാർഥികളും ഒരാൾ പത്താം ക്ലാസുകാരനുമാണ്.
കേസിൽ ഒന്നാം പ്രതിയായ വിദ്യാർഥിക്ക് 18 വയസുണ്ടെന്ന് പറയുന്നു. സ്കൂളിന്റെ ഒന്നാം നിലയിലെ ശുചിമുറിയിൽ വച്ച് ഒന്നാം പ്രതി പത്താം ക്ലാസുകാരന്റെ മുഖത്ത് പലതവണ ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ പത്താം ക്ലാസ് കാരന്റെ മൂക്കിന് ഗുരുതര പരിക്കേറ്റു.
ഒരു പല്ല് ഒടിയുകയും രണ്ടു പല്ലുകൾക്ക് ഇളക്കവും സംഭവിച്ചു. മൂക്കിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. സ്കൂളിൽ വച്ച് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റിട്ടും സംഭവമുണ്ടായി രണ്ടു മണിക്കൂറിനുശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് പറയുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കുട്ടിയെ എത്തിച്ചിട്ടും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാതെ സ്കൂൾ അധികൃതരും ആശുപത്രിക്കാരും മറച്ചുവച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.