""റാഗിംഗ് ക്രൂരത''; നിയമം പരിഷ്കരിക്കണമെന്ന് ഹൈക്കോടതി
Thursday, March 6, 2025 2:52 AM IST
കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. നിലവിലെ റാഗിംഗ് വിരുദ്ധ നിയമം പരിഷ്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2009ലെ യുജിസി മാര്ഗനിര്ദേശങ്ങളുടെകൂടി പശ്ചാത്തലത്തില്‍ സംസ്ഥാന നിയമത്തില്‍ പരിഷ്കാരം വരുത്തണമെന്നാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
റാഗിംഗ് തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ യുജിസിയെ കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.
റാഗിംഗ് ക്രൂരതയുടെ സ്വഭാവത്തിലേക്കു മാറിയിരിക്കുകയാണ്. സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണു കേള്‍ക്കുന്നത്. സംസ്ഥാന നിയമത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാനും കുറ്റക്കാരായ വിദ്യാര്ഥികള്ക്കെതിരേ സ്വീകരിക്കേണ്ട നടപടികളും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു പുറമെയാണ് യുജിസിയുടെ റാഗിംഗ് വിരുദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നത്. വിദ്യാഭ്യാസസ്ഥാപനം, സര്‍വകലാശാല തലങ്ങളില്‍ മാത്രമല്ല, ജില്ല-സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനത്തിനും ഇതില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.
എല്ലാ സര്‍വകലാശാലകളിലും മോണിറ്ററിംഗ് സെല്‍, ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ജില്ലാതല ആന്റി റാഗിംഗ് സെല്‍, സംസ്ഥാനതലത്തില്‍ റാഗിംഗ് നിയന്ത്രണ നടപടികള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനതല സെല്‍ തുടങ്ങിയവയെല്ലാം നിര്‍ദേശത്തിലുണ്ട്.
ഈ കമ്മിറ്റികളിലെല്ലാം വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരെയും ഉള്‍പ്പെടുത്തണം. റാഗിംഗ് വിരുദ്ധ സെല്‍ അടക്കം രൂപീകരിക്കണമെന്ന നിര്‍ദേശത്തോടെ മുമ്പ് ഹൈക്കോടതി മറ്റൊരു ഹര്‍ജി തീര്‍പ്പാക്കിയതുമാണ്.
ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയമത്തില്‍ പരിഷ്കരണം വേണമെന്നു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍മസമിതിക്ക് രൂപം നല്‍കണം. നിയമവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വ്യക്തികളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും സ്വീകരിക്കണം.
യുജിസി മാര്ഗനിര്ദേശത്തിലുള്ളതുപോലെ ജില്ല- സംസ്ഥാന തല ആന്റി റാഗിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അവ നിര്‍വഹിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചേര്‍ന്ന യോഗങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സെല്ലുകള്‍ രൂപീകരിച്ചിട്ടില്ലെങ്കില്‍ ഇതിന് എത് സമയം വേണ്ടിവരുമെന്ന് അറിയിക്കണം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സെല്ലുകള്‍ രൂപീകരിക്കണമെന്നും നിയമത്തിലും യുജിസി നിര്‍ദേശത്തിലുമുണ്ട്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.