നയാപൈസയില്ല... 605 കോടി രൂപകൂടി കടമെടുക്കാൻ കേരളം
Friday, March 7, 2025 2:29 AM IST
തിരുവനന്തപുരം: ഇനിയും അൽപം കൂടി കടമെടുക്കാനുണ്ടെന്നു കേന്ദ്രം ചൂണ്ടിക്കാട്ടിയ അവസാന തുക കൂടി കേരളം കടമെടുക്കുന്നു.
605 കോടി രൂപ കൂടി കേരളത്തിനു കടമെടുക്കാൻ കഴിയുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ഈ തുകയിൽ കൂടി കടപത്രം പുറപ്പെടുവിക്കാൻ സംസ്ഥാന ധനവകുപ്പ് ഉത്തരവിറക്കിയത്.
അടുത്ത ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ മുംബൈ ഓഫിസിൽ ഇ കുബേർ വഴി കടമെടുക്കുന്പോൾ ഈ സാന്പത്തിക വർഷം ഇതുവരെ കേരളം കടമെടുത്ത തുക 41,525 കോടിയായി ഉയരും. കഴിഞ്ഞ ഫെബ്രുവരി 25ന് 1920 കോടി കേരളം കടം എടുത്തിരുന്നു.
കടമെടുക്കാൻ കേന്ദ്രം അനുവദിച്ച അവസാന തുകയാണ് ഇതെന്നായിരുന്നു കരുതിയിരുന്നത്. ഇതിനു പിന്നാലെയാണ് 605 കോടി രൂപ കൂടി ഒളിഞ്ഞു കിടപ്പുണ്ടെന്നും ഇതും കൂടി കടമെടുക്കാൻ കഴിയുമെന്ന കേന്ദ്രത്തിന്റെ അറിയിപ്പ് എത്തിയത്.
സാന്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിലെ ചെലവുകൾ ക്രമീകരിക്കാൻ 10,000 കോടി രൂപ കൂടി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്തു സമാപിക്കുന്നതിനു പിന്നാലെ ധന അഡീഷണൽ ചീഫ് സെക്രട്ടറി ഡൽഹിക്കു പോകും.
സിപിഎം കൊല്ലം സമ്മേളനത്തിന്റെ ക്രമീകരണം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മേൽനോട്ടത്തിലായതിനാൽ കഴിഞ്ഞ ഒരാഴ്ചയായി ധനവകുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു.