ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കടുത്ത മാനസിക സമ്മർദത്തെത്തുടർന്ന്
Friday, March 7, 2025 1:33 AM IST
ഏറ്റുമാനൂർ: പാറോലിക്കലിൽ അമ്മയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ ഷൈനിയെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത മാനസിക സമ്മർദമെന്നു വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. മരണത്തിന് ദിവസങ്ങൾക്കുമുമ്പ് ഷൈനി കൂട്ടുകാരിയോട് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
ഷൈനിയും മക്കളും ആത്മഹത്യക്കായി വീട്ടിൽനിന്ന് ഇറങ്ങുന്ന സിസി ടിവി ദൃശ്യവും ലഭ്യമായിട്ടുണ്ട്. പുലർച്ചെ 4.44നാണ് ഇവർ വീട്ടിൽനിന്ന് ഇറങ്ങിയത്. മരണത്തിന് മുമ്പുള്ള ദിവസം സുഹൃത്തിന് അയച്ച ശബ്ദസന്ദേശം ഷൈനി അനുഭവിച്ചിരുന്ന മാനസികസമ്മർദം വ്യക്തമാക്കുന്നു.
എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തതും വിവാഹമോചനത്തോട് ഭർത്താവ് നോബി ലൂക്കോസ് സഹകരിക്കാത്തതും ഷൈനിയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നെന്ന് ശബ്ദസന്ദേശത്തിൽനിന്ന് വ്യക്തമാണ്.
“നാട്ടിൽ ജോലിയൊന്നും കിട്ടുന്നില്ല. കുറേ തപ്പി. എവിടെയെങ്കിലും കിട്ടിയിരുന്നെങ്കിൽ പിള്ളേരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് പോകാമായിരുന്നു. ഒരു വർഷം എക്സ്പീരിയൻസ് ആയശേഷം എങ്ങോട്ടെങ്കിലും പോകാമായിരുന്നു’’ എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
എവിടെയെങ്കിലും ജോലിക്ക് നീയൊന്നു ശ്രമിക്കാമോ എന്ന് ഷൈനി കൂട്ടുകാരിയോട് ചോദിക്കുന്നുമുണ്ട്. കുടുംബക്കോടതിയിൽ കൊടുത്തിരിക്കുന്ന വിവാഹമോചനക്കേസിനോട് നോബി സഹകരിക്കാത്തത് ഷൈനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ശബ്ദസന്ദേശത്തിൽ അതുവ്യക്തമാണ്.
ആത്മഹത്യക്ക് തലേ ദിവസം നോബിയുടെ ഫോണിൽനിന്ന് ഷൈനിയുടെ ഫോണിലേക്ക് ഒരു ശബ്ദസന്ദേശം വന്നിരുന്നു. സാമ്പത്തിക കാര്യങ്ങളായിരുന്നു അതിലെന്നാണ് അറിയുന്നത്. ഇതു ഷൈനിയെ അസ്വസ്ഥയാക്കിയിരുന്നു. ഭർതൃവീട്ടിൽ ഷൈനി ഭർത്താവിന്റെ ക്രൂരമായ പീഡനത്തിന് ഇരയായതായി ഷൈനിയുടെ കുടുംബാംഗങ്ങൾ പറയുന്നു.
കടുത്ത മദ്യപാനിയായ ഭർത്താവ് നോബി ഷൈനിയെ ക്രൂരമായി മർദിക്കുമായിരുന്നു. ഷൈനിയെ ഇയാൾ മർദിച്ച് അവശയാക്കിയ വിവരം നോബിയുടെ ബന്ധുക്കൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് തങ്ങൾ പോയി ഷൈനിയെയും മക്കളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നെന്നാണ് ഷൈനിയുടെ പിതാവ് പറഞ്ഞത്.
ഭർത്താവിനെ റിമാൻഡ് ചെയ്തു
ഏറ്റുമാനൂർ: ട്രെയിനിനു മുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസി(44)നെയാണ് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് നോബിയെ അറസ്റ്റ് ചെയ്തത്.
മൂവരും ജീവനൊടുക്കിയതിന് തലേദിവസം നോബി ഭാര്യക്കു വാട്സാപ്പ് സന്ദേശം അയയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. വാട്സാപ്പ് സന്ദേശങ്ങൾ അയച്ചതായി നോബി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇവ ഫോണിൽ നിന്നും നീക്കം ചെയ്തതായി പോലീസ് കണ്ടെത്തി. ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.