ആതുരസേവനം ജനസേവനത്തിൽ അധിഷ്ഠിതമാകണം: ഗവർണർ
Friday, March 7, 2025 1:33 AM IST
തൃശൂർ: നല്ല മനുഷ്യനായിരുന്നാലേ ഒരാൾക്കു നല്ല ഡോക്ടറോ അഭിഭാഷകനോ പൊതുപ്രവർത്തകനോ ആകാൻ കഴിയൂവെന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഇരുപതാമതു ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിരുദദാനച്ചടങ്ങിൽ 9947 പേർക്കുള്ള ബിരുദപ്രഖ്യാപനം നടന്നു. ബിരുദാനന്തരബിരുദം, പിജി ഡിപ്ലോമ, പിഎച്ച്ഡി എന്നിവ നേടിയ 1189 പേർക്കു സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. വിവിധ വിഷയങ്ങളിൽ ഒന്നാംറാങ്ക് നേടിയ 13 വിദ്യാർഥികൾക്കു മെമന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു.
തേജസ് രാജഗോപാൽ (എംബിബിഎസ്), എം. ആർദ്ര (ബിഎഎംഎസ്), ഫാത്തിമ റുക്സാന (ബിയുഎംഎസ്), അനുപമ ഗോപൻ (ബിഎസ്എംഎസ്), ഒ. അരുണിമ (ബിഎച്ച്എംഎസ്), അനൂജ മരിയ ആന്റണി (ബിഡിഎസ്), നീതു രവി (പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്), മഹിത സാറാ സാം (ബിഎഎസ്എൽപി), സി. ഐഷ സൽസ (ബിപിടി), ജി. മണിചന്ദന (ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, സാന്ദ്ര കരുണ് (ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി), എച്ച്. ഗായത്രി (ബിഫാം (സെമസ്റ്റർ)), എസ്. ഫൗസിയ (ബിഎസ്സി ഡയാലിസിസ് ടെക്നോളജി) എന്നിവരാണ് ഒന്നാംറാങ്ക് നേടിയത്.
അവസാനവർഷ എംഡിഎസ് പാർട്ട് ഒന്ന്, രണ്ട് (റെഗുലർ) പരീക്ഷയിൽ ഓർത്തോഡോന്റിക്സ് ആൻഡ് ടെൻറൊഫേഷ്യൽ ഓർത്തോപീഡിക്സിൽ എറ്റവും ഉയർന്ന മാർക്ക് നേടിയ ഡോ. ആൻഫിയ നസീറിനെ ഡോ. ശോഭ സുന്ദരേശ്വരൻ അക്കാദമിക് എക്സലൻസ് ഇൻ ഓർത്തോഡോന്റികസ് എൻഡോവ്മെന്റ് സമ്മാനിച്ച് ആദരിച്ചു.
ആരോഗ്യസർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ. മോഹനൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. പ്രൊ വൈസ് ചാൻസലർ സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, പരീക്ഷാ കണ്ട്രോളർ ഡോ. എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ എം.എസ്. സുധീർ, വിവിധ ഫാക്കൽറ്റി ഡീൻമാർ, സെനറ്റ് അംഗങ്ങൾ, കോളജ് പ്രിൻസിപ്പൽമാർ, ജിസി-എസി അംഗങ്ങൾ, സർവകലാശാല ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ പങ്കെടുത്തു.