വികസനം മാത്രം ലക്ഷ്യമെന്ന് നയരേഖ
Friday, March 7, 2025 1:33 AM IST
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിലെ പുതുവഴികളിൽ ലക്ഷ്യം വികസനം മാത്രം. ഒരു കാലത്ത് സിപിഎം എതിർത്ത പല പദ്ധതികളുമാണ് പുതുവഴികളിലൂടെ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
വിദേശ നിക്ഷേപങ്ങളെ ഏറ്റവും കൂടുതൽ എതിർക്കുകയും എഡിബി അടക്കമുള്ള ബാങ്കുകളുടെ വായ്പകൾക്കെതിരേ സിപിഎം പ്രവർത്തകരെ ബോധവത്കരിക്കുകയും ചെയ്ത എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് പിണറായി വിജയൻ പുതുവഴികൾ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
ഐടി, ടൂറിസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നല്കുന്നതോടൊപ്പം ആഗോള നിക്ഷേപ ഭീമന്മാരെ ഉൾപ്പെടെ കേരളത്തിൽ എത്തിക്കാൻ രേഖയിൽ നിർദേശങ്ങളുണ്ട്. ഇതിനായി നിയമ, ചട്ട പരിഷ്കാരങ്ങൾ നടത്തും.
റോഡ്, റെയിൽ വികസനം, മറ്റ് അനുബന്ധ വികസനങ്ങൾ എന്നിവയുടെ വേഗം കൂട്ടുന്നതിനെക്കുറിച്ചും രേഖയിൽ പരാമർശമുണ്ട്. തൊഴിൽ സൃഷ്ടിക്കലാണ് നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖയിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
യുവാക്കൾ വിദേശത്ത് പോകുന്നത് തടയുന്നതിന്റെ ഭാഗമായാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. സമാന സാഹചര്യം കേരളത്തിൽ സൃഷ്ടിക്കാനുള്ള വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. വയോജന, ഭിന്നശേഷി സൗഹൃദ പദ്ധതികൾക്കും രേഖയിൽ ഊന്നൽ നൽകിയിട്ടുണ്ടെന്നാണ് സൂചന. ആറു ഭാഗങ്ങളായിട്ടാണ് നയരേഖ അവതരിപ്പിച്ചത്.
സമ്മേളന ദിവസങ്ങളിൽ പ്രധാനമായും നയരേഖയുമായി ബന്ധപ്പെട്ട ചർച്ചയാണ് നടക്കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രേഖയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അവലോകനവും ഉണ്ടായിരുന്നു.