ഇന്ത്യൻ ഡയറി അസോ. ഫെലോ പുരസ്കാരം ഡോ. രാജകുമാറിന്
Friday, March 7, 2025 1:33 AM IST
തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയ്ക്കു കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി ഡീനായ ഡോ. എസ്.എൻ.രാജകുമാറിന് ഇന്ത്യൻ ഡയറി അസോസിയേഷൻ ഫെലോ പുരസ്കാരം. പാറ്റ്നയിൽ നടക്കുന്ന 51-ാമതു ദേശീയ ഡയറി ഇൻഡസ്ട്രി കോൺഫറൻസിൽ പുരസ്കാരം ഏറ്റുവാങ്ങി.
ക്ഷീരമേഖലയിൽ മുപ്പതിലേറെ വർഷങ്ങളായി കാഴ്ചവച്ചിട്ടുള്ള സ്തുത്യർഹമായ സേവനമികവാണ് ഡോ. രാജകുമാറിനെ അംഗീകാരത്തിന് അർഹനാക്കിയത്.
ക്ഷീരമേഖലയിലുള്ള മികവുറ്റ പ്രവർത്തനങ്ങൾക്കു 2024ലെ നാഷണൽ അക്കാദമി ഓഫ് ഡയറി സയൻസ് ഫെലോ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇന്ത്യൻ ഡയറി അസോസിയേഷൻ കേരള ചാപ്റ്റർ ചെയർമാൻകൂടിയാണു ഡോ. എസ്.എൻ. രാജകുമാർ.