"എന്തുമാകാം എന്നതാണു വിചാരം'; അനധികൃത ബോര്‍ഡുകളിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
Friday, March 7, 2025 2:29 AM IST
കൊച്ചി: പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന് ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കുകയാണെന്ന് ഹൈക്കോടതി. പാലിക്കപ്പെടാനുള്ളതല്ല നിയമങ്ങള്‍ എന്ന സന്ദേശമാണ് ഇവര്‍ കുട്ടികളിലേക്കും കൈമാറുന്നത്.
നിയമം പാലിക്കാത്ത മുതിര്‍ന്നവരെ കണ്ടു പഠിക്കുന്ന കുട്ടികളുടെ അക്രമവാസനകളെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം. എന്തുമാകാം എന്നതാണു വിചാരം. അതാണ് കുട്ടികളും മാതൃകയാക്കുന്നത്. രാഷ്ട്രീയക്കാരെ ഭയക്കുന്ന ഭരണ-നിര്‍വഹണ സംവിധാനം കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ മടിക്കുമ്പോള്‍ സമൂഹത്തിന് നീതി ലഭിക്കുന്നതെങ്ങനെയെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കോടതിയും സര്‍ക്കാരും വിലക്കിയിട്ടും മൂവാറ്റുപുഴ നഗരത്തിലടക്കം അനധികൃതമായി ബോര്‍ഡ് വച്ചിട്ടുള്ളതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ നടപടിയെടുക്കാതെ കോടതിയെ തോല്‍പ്പിക്കാനാണു ശ്രമമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊല്ലം ജില്ല മുഴുവന്‍ ബോര്ഡുകളാണെന്നു ചൂണ്ടിക്കാട്ടി നൂറുകണക്കിന് പരാതികള്‍ വിവിധ മേഖലകളിലുള്ളവരില്നിന്നു കോടതിക്കു ലഭിച്ചിട്ടുണ്ട്. ഭയം മൂലം പേരു വെളിപ്പെടുത്തരുതെന്നാണ് പരാതിക്കാരുടെ അഭ്യര്‍ഥന.
ബോര്‍ഡുകള്‍ ഒഴിവായപ്പോള്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ വൃത്തിയായി. കൊല്ലത്തെ കാര്യം കോടതിക്ക് നേരിട്ടു ബോധ്യപ്പെട്ടതാണ്. കൊല്ലത്ത് എത്തുമ്പോള്‍ കണ്ണടച്ചുപിടിക്കണമെന്ന് പറയരുത്. പേരിനും പെരുമയ്ക്കുമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ 50 കൊല്ലം പിന്നിലാണ്.
ബോര്‍ഡുകള്‍ നോക്കിയല്ല ജനം കാര്യങ്ങള്‍ മനസിലാക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ സംസ്കാരമില്ല. നവകേരളത്തിനും ശുചിത്വ കേരളത്തിനുമൊക്കെയാണ് കോടതി ശ്രമിക്കുന്നത്. ശുചിത്വവും സൗന്ദര്യവുമില്ലാത്ത സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ വരില്ല.
സര്‍ക്കാര്‍ അറിയിച്ചാല്‍ ഉത്തരവുകളെല്ലാം പിന്‍വലിക്കാന്‍ തയാറാണ്. സര്‍ക്കാരിനു താത്പര്യമില്ലെങ്കില്‍ അവസാനിപ്പിക്കാം. സംസ്ഥാനത്തെ ബോര്‍ഡുകളും കൊടികളുംകൊണ്ട് മുക്കിക്കോളൂ. ഇതിനായി വേണമെങ്കില്‍ നിയമവും പാസാക്കിക്കൊള്ളൂ. ഇതിനെയൊക്കെ വിജയമായി കാണുന്നുണ്ടെങ്കില്‍ അങ്ങനെയും എടുക്കാമെന്നും ‘നവകേരള’യ്ക്ക് ആശംസയര്‍പ്പിച്ച് കോടതി പറഞ്ഞു.
കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരാണ്. കോടതിയെ വെല്ലുവിളിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുകയും ചെയ്യുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം? സ്വകാര്യ വ്യക്തികളൊന്നും ബോര്‍ഡ് വയ്ക്കുന്നില്ല. സിനിമക്കാര്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതേയുള്ളൂ.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ് ബോര്‍ഡുകള്‍ വച്ച് ഉത്തരവുകള്‍ ലംഘിക്കുന്നത്. കോടതിയെ കളിയാക്കുകയാണ് അവര്‍ ചെയ്യുന്നത്. നീതിന്യായ സംവിധാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അതു ഫാസിസമാണന്നും കോടതി പറഞ്ഞു.