കുഴല്‍നാടന്റെ റിസോര്‍ട്ട്: സഹഉടമകളുടെ വീട്ടിൽ വിജിലന്‍സ് പരിശോധന
Friday, March 7, 2025 2:29 AM IST
പത്തനംതിട്ട: മാത്യു കുഴല്നാടന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന് റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ സ്ഥാപനത്തിന്റെ പാര്‍ട്ണേഴ്സ് ആയ റാന്നി മേനാംതോട്ടം കാവുങ്കല്‍ ടോണി സാബു, ടോം സാബു എന്നിവരുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.
വിജിലൻസ് ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനയ്ക്കെത്തിയത്. സാബുവും ടോമും തൃശൂരിലായതിനാൽ ഇവരുടെ ബന്ധുവും വാര്‍ഡ് മെംബറുമായ ജെബിന് കാവുങ്കലിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കപ്പിത്താന് റിസോര്‍ട്ട് 50 സെന്റ് ഭൂമി കൈയേറി എന്നാരോപിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
ഭൂമി കൈയേറി സംരക്ഷണ ഭിത്തി കെട്ടിയതായി തഹസില്‍ദാരും വിജിലന്‍സും കണ്ടെത്തിയിരുന്നു. 2022 ലാണ് കുഴല്‍നാടനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയത്.
ഇടപാടില്‍ നികുതി വെട്ടിപ്പ് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തു വരികയും ചെയ്തിരുന്നു. ഇവര്‍ നല്കിയ പരാതിയിലാണ് അന്വേഷണം.
4,000 ചതുരശ്ര അടി കെട്ടിടവും 850 ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.