നിയന്ത്രണം പാലിച്ചാൽ
Friday, March 7, 2025 2:29 AM IST
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
കാട്ടിലെ രാജാവ് സിംഹമാണെന്നാണ് എല്ലാവരും കരുതുന്നത്. കഥകളും നോവലുകളും സിനിമകളുമൊക്കെ അതിന്റെ അടിസ്ഥാനത്തിലാണ് രൂപംകൊണ്ടിരിക്കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് സിംഹം രാജാവായതെന്ന് ആരും വിശ്വസിക്കുന്നില്ല.
സിംഹം രാജാവാണ് എന്നതൊരു ഉറച്ച സങ്കല്പമാണ്. അങ്ങനെ സിംഹവും കടുവയും പുലിയും ആനയുമൊക്കെ വസിക്കുന്ന ഒരു വനത്തില്‍ കഴുത രാജാവായി അവരോധിക്കപ്പെട്ടാല്‍ എങ്ങനെയായിരിക്കും അവസ്ഥ. കഴുത ഭരിക്കാന്‍ തുടങ്ങിയാല്‍ ഒടുക്കമത് കഴുതയുടെയും കാടിന്റെയും നാശത്തിലായിരിക്കും കലാശിക്കുക. കഴുതയെ തെരഞ്ഞെടുത്തവർതന്നെ തള്ളിപ്പറയുകയും സ്വയം പഴിക്കുകയും ചെയ്യും.
നോമ്പുകാലത്ത് ധ്യാനിക്കേണ്ട ഒരു കഥയാണിത്. സ്വന്തം ജീവിതവുമായി ചേര്‍ത്തുവച്ചായിരിക്കണം ഈ കഥയെ വ്യാഖ്യാനിക്കേണ്ടത്. ഓരോ വ്യക്തിയിലും നിരവധി മൂല്യങ്ങളും അധമവികാരങ്ങളും ഉണ്ടായിരിക്കും. കാട്ടിലെ കരുത്തിന്റെ പ്രതീകങ്ങളായ സിംഹത്തിന്റെയും കടുവയുടെയും പുലിയുടെയും ആനയുടെയും സ്ഥാനത്തു നമ്മളിലെ മൂല്യങ്ങളെ കാണണം. സ്നേഹം, കരുണ, നന്മ, ക്ഷമ തുടങ്ങിയ മൂല്യങ്ങള്‍. നമ്മുടെ അധമവികാരങ്ങളായ കോപം, അഹങ്കാരം, ശത്രുത, അസൂയ മുതലായവ കഴുതയുടെ സ്ഥാനത്തു നില്ക്കുന്നവയാണ്. സിംഹത്തിനു പകരം കഴുതയെ കാടിന്റെ ഭരണാധികാരിയായി തെരഞ്ഞെടുത്തു എന്നു പറയുമ്പോള്‍ നമ്മുടെ ജീവിതത്തെ നയിക്കുന്ന ഘടകമായി അധമവികാരങ്ങളെ നമ്മള് തെരഞ്ഞെടുത്തു എന്നാണര്‍ഥം.
ആരാണ് ഭരിക്കേണ്ടത്?
നമ്മള് ഏതു കാര്യത്തിനു പ്രാധാന്യം നല്കുന്നുവോ അവ നമ്മുടെ ജീവിതത്തില്‍ ഭരണം നടത്തും. പ്രകടമായി കാണപ്പെടുന്ന നന്മകളാലോ തിന്മകളാലോ ആയിരിക്കും നമ്മള് അറിയപ്പെടുന്നത്. നമ്മുടെ സ്നേഹിതരെയും ബന്ധുക്കളെയും ഓര്‍മിക്കുമ്പോള്‍ അവരെക്കുറിച്ചുള്ള എന്തു കാര്യമാണ് നമ്മുടെ മനസുകളില്‍ തെളിഞ്ഞുവരുന്നതെന്നു ചിന്തിച്ചാല്‍മതി. അവര്‍ നമ്മെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ഏതു തരം ചിത്രമാണ് അവരുടെ മനസില്‍ തെളിയാനിടയുള്ളതെന്ന് ചിന്തിക്കുന്നതും നല്ലതാണ്.
ഈ സാഹചര്യത്തിൽ നമ്മിലെ അധമവിചാരങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയണം. മൂല്യങ്ങളാല്‍ നയിക്കപ്പെടേണ്ടതാണ് നമ്മള്. സ്നേഹവും നന്മയും കരുണയും കരുതലുമായിരിക്കണം നമ്മെ നയിക്കേണ്ടത്. ഇപ്പോള്‍ നമ്മെ നയിക്കുന്നത് എന്താണെന്ന് ശ്രദ്ധാപൂര്‍വം ധ്യാനിക്കുക. ഒരുപക്ഷേ, അരിശമോ അസൂയയോ അഹങ്കാരമോ അജ്ഞതയോ അക്രമവാസനയോ ആണോ? നിരവധി സിനിമകള്‍ ഇത്തരം വികാരങ്ങളെ മഹത്വവത്കരിച്ച് ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. അവയൊക്കെ സമൂഹത്തിനു ദോഷമായി ഭവിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ സജീവമാണല്ലോ.
തിരിച്ചറിയുക
ബനഡിക്ടന്‍ സന്യാസാശ്രമത്തിന്റെ സ്ഥാപകനായിരുന്ന വിശുദ്ധ ബനഡിക്ട് സ്വയം നിയന്ത്രണത്തിനു വലിയ പ്രാധാന്യം നല്കിയ ആളായിരുന്നു. തന്റെ സന്യാസ സമൂഹത്തിനുവേണ്ടി നിയമങ്ങള്‍ എഴുതിയുണ്ടാക്കിയപ്പോഴും താന്‍ പ്രാധാന്യം കല്പിച്ചിരുന്ന മൂല്യങ്ങള്‍ അവയില്‍ അദ്ദേഹം ഉള്‍ച്ചേര്‍ത്തു. ഇന്നു ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സന്യാസപ്രസ്ഥാനങ്ങളുടെ നിയമസംഹിതയില്‍ ബനഡിക്ടന്ശൈലിക്കു വലിയ സ്വാധീനവും പ്രധാന്യവുമുണ്ട്.
അമേരിക്കയിലെ ബേസ്ബോള്‍ മേജര്‍ ലീഗില്‍ കളിച്ച ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കക്കാരനായിരുന്നു ജാക്കി റോബിന്‍സണ്‍. സ്വയനിയന്ത്രണത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. വംശീയമായ അധിക്ഷേപവും അപമാനവും അദ്ദേഹം ക്ഷമാപൂര്‍വം സ്വീകരിച്ചു. എതിര്‍പ്പുകളും അവഗണനകളും അദ്ദേഹം ശ്രദ്ധിച്ചില്ല. തന്റെ പരിശീലനത്തിലും കളിയിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ക്ഷമയും ആത്മനിയന്ത്രണവുമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നതും ഭരിച്ചിരുന്നതും.
നമ്മള് ഓരോരുത്തരിലും ഏറ്റവും കൂടുതലുള്ള മൂല്യത്തെയും ഏറ്റവും കൂടുതലുള്ള അധമവികാരത്തെയും തിരിച്ചറിയുക എന്നത് ഈ നോമ്പില്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഏറ്റവും വലുതായുള്ള മൂല്യത്തെ വളര്‍ത്താനും ഏറ്റവും പ്രബലമായിനില്‍ക്കുന്ന അധമവികാരത്തെ നിയന്ത്രിക്കാനും സാധിച്ചാല്‍ നമ്മള് ജീവിതത്തില്‍ വിജയിക്കും.
നമ്മിലെ കഴുതയല്ല സിംഹമാണ് നമ്മെ ഭരിക്കേണ്ടത്. "ആത്മനിയന്ത്രണമില്ലാത്ത മനുഷ്യൻ കോട്ടകളില്ലാത്ത നഗരം പോലെയാണെ(സുഭാ 25:28)ന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.