സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം
Thursday, March 6, 2025 2:52 AM IST
കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്നു തുടക്കം. കോടിയേരി ബാലകൃഷണൻ നഗറിൽ (സി.കേശവൻമോറിയൽ മുനിസിപ്പൽ ടൗൺഹാൾ) രാവിലെ ഒൻപതിന് പതാക ഉയർത്തും.
തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം സിപിഎം ദേശീയ കോ-ഓർഡിനേറ്ററും മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. സംഘാടകസമിതി ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതവും ജനറൽ കൺവീനർ എസ്. സുദേവൻ നന്ദിയും പറയും.
പ്രതിനിധി സമ്മേളന ചർച്ചകൾ ഏഴിനും എട്ടിനും തുടരും. എട്ടിനു വിവിധ പ്രമേയാവതരണങ്ങളും നടക്കും. പ്രതിനിധി സമ്മേളനത്തിന്റെ അവസാനദിനമായ ഒന്പതിന് ചർച്ചകൾക്കുള്ള മറുപടിയും റിപ്പോർട്ട് അംഗീകരിക്കലും അഭിവാദ്യ പ്രസംഗങ്ങളും നടക്കും. തുടർന്ന് സംസ്ഥാന കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരണവും ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ചയും ഇതോടനുബന്ധിച്ചു നടക്കും.
38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2,444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുന്നത്.
ഇതിനു പരിസമാപ്തി കുറിച്ച് ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് കാൽ ലക്ഷം റെഡ് വോളണ്ടിയർമാർ അണിനിരക്കുന്ന മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും നടക്കും.
റെഡ് വോളണ്ടിയർ മാർച്ച് പീരങ്കി മൈതാനം, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽനിന്നാരംഭിച്ച് ആശ്രാമത്ത് സമാപിക്കും. പ്രകടനം പീരങ്കി മൈതാനം, ശാരദാമഠം, കടപ്പാക്കട, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് ആശ്രാമത്ത് സമാപിക്കും.
വൈകുന്നേരം അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) പൊതുസമ്മേളനം നടക്കും.