സേവനരംഗത്തുള്ളവർ മനുഷ്യത്വം മറക്കരുത്: ഗവർണർ
Friday, March 7, 2025 2:29 AM IST
കൊച്ചി: സേവനമേഖലകളിൽ വ്യാപരിക്കുന്നവർ മനുഷ്യത്വപരമായ സമീപനരീതികൾ മുറുകെപ്പിടിക്കണമെന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
മുൻ മന്ത്രി കെ.എം. മാണിയുടെ ഓര്‍മയ്ക്കായി കേരള ലോയേഴ്സ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ കെ.എം. മാണി ലീഗല്‍ എക്സലന്‍സ് അവാര്‍ഡ് കൊച്ചിയിൽ സമർപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐഎഎസ്, ഐപിഎസ്, നീതിന്യായം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ സേവനം ചെയ്യുന്നവരിൽ ആരാണ് ഏറ്റവും മികച്ചവർ എന്നു ചോദിച്ചാൽ മാനവികമായ കാഴ്ച്ചപ്പാടുകളോടെ കൃത്യനിർവഹണം നടത്തുന്നവരെന്നതാണ് ഉത്തരം. തങ്ങൾ ഇടപെടുന്ന എല്ലാവിഭാഗം ജനങ്ങൾക്കും നീതി ലഭിക്കുന്നുവെന്ന് നീതിന്യായ രംഗത്തു സേവനം ചെയ്യുന്നവർ ഉറപ്പാക്കണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
എറണാകുളം താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കറ്റ് ജനറലുമായ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങി.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വിജു ഏബ്രഹാം, കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.