പ്ലസ് ടു ഫിസിക്സ് പരീക്ഷ കുട്ടികളെ വലച്ചു
Thursday, March 6, 2025 2:02 AM IST
കോട്ടയം: ഇന്നലെ നടന്ന പ്ലസ്ടു ഫിസിക്സ് പരീക്ഷ വലച്ചെന്നു വിദ്യാർഥികൾ. മോഡൽ പരീക്ഷയിൽനിന്നും വ്യത്യസ്തമായ രീതിയിലുള്ള ചോദ്യങ്ങൾ പൊതുപരീക്ഷയിൽ ചോദിച്ചത് വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കി. 1, 4, 8, 11 ചോദ്യങ്ങൾ സങ്കീർണതയുണ്ടാക്കി.
നഴ്സിംഗ്, എൻജിനിയറിംഗ് പ്രവേശനത്തിന് ഹയർ സെക്കൻഡറിയിലെ രണ്ടാംവർഷ ഫിസിക്സിന്റെ മാർക്കുകൂടി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് ഇടുന്നത്. അതിനാൽത്തന്നെ വിദ്യാർഥികൾ സമ്മർദത്തിലാണ്. വിദ്യാർഥികളുടെ ഈ ആശങ്ക മൂല്യനിർണയത്തിൽ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.
യൂണിറ്റ് തലത്തിൽ നിഷ്കർഷിച്ചിട്ടുള്ള വെയ്റ്റേജ് പ്രകാരമല്ല ചോദ്യപേപ്പറെന്ന് അധ്യാപകരും അഭിപ്രായപ്പെട്ടു. ചോദ്യങ്ങൾ ഏറെയും എൻട്രൻസ് മാതൃകയിലുള്ളവയായിരുന്നു. ഒബ്ജക്ടീവ് ചോദ്യങ്ങളിലൂടെ കുട്ടികളുടെ ഓർമശക്തി വിലയിരുത്തുന്നതിനുപകരം, പ്രായോഗിക പരിജ്ഞാനമാണ് വിലയിരുത്തിയിരിക്കുന്നത്.
ചോദ്യഘടനാ മാറ്റത്തെക്കുറിച്ച് മുന്പു നടന്ന അധ്യാപക പരിശീലനവേളയിൽ അറിയിപ്പ് നൽകിയിരുന്നില്ല. സ്കീം ഫൈനലൈസ് ചെയ്യുമ്പോൾ ഉദാരവത്കരണം വേണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു.