കാട്ടാന ചരിയാൻ കാരണം സ്ഫോടനം ഏൽപ്പിച്ച ഗുരുതര പരിക്കുകൾ
Friday, March 7, 2025 1:33 AM IST
ഇരിട്ടി: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽനിന്നു മയക്കുവെടിവച്ചു പിടികൂടിയ ആന ചരിയാൻ കാരണം സ്ഫോടനത്തെ ത്തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകളെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആനയുടെ നാവിന്റെ മുൻഭാഗം അറ്റ നിലയിലും കീഴ്ത്താടി തകർന്ന് വേർപ്പെട്ട നിലയിലുമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടത്തി. താടിയെല്ലിലെ പഴക്കം ചെന്ന മുറിവിൽനിന്നുള്ള അണുക്കൾ രക്തത്തിലേക്കു വ്യാപിച്ചിരുന്നു.
മസ്തിഷ്കത്തിൽ രക്തസ്രാവവും ഉണ്ടായിരുന്നു. ആനയ്ക്ക് പരിക്കേൽക്കാൻ കാരണം പടക്കം പോലുള്ള സ്ഫോടകവസ്തു പൊട്ടിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതു സംബന്ധിച്ച് കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് 11 അംഗ സംഘം അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു
ആറളം വന്യജീവി സങ്കേതത്തിൽ കണ്ണൂർ അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ബി. ഇല്യാസ് റാവുത്തർ, വെറ്ററിനറി സർജൻമാരായ ഡോ. ശരണ്യ, ഡോ. റിജിൻ ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം പഞ്ചായത്ത് അംഗം മിനി ദിനേശൻ, എൻജിഒ പ്രതിനിധി റോഷ്നാഥ് രമേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചത്.
തുടർന്ന് ആനയുടെ ജഡം സംസ്കരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ മയക്കുവെടിവച്ച് പിടികൂടിയ ശേഷം ആറളം വന്യജീവി സങ്കേതത്തിലെത്തിച്ച് ചികിത്സ നൽകി വരുന്നതിനിടെ രാത്രിയോടെയാണ് മൂന്നു വയസ് പ്രായമുള്ള പിടിയാന ചരിഞ്ഞത്.