കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ്
Friday, March 7, 2025 1:33 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് - കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്സി ഇന്നു പ്രസിദ്ധീകരിക്കും. 2019 നവംബര്‍ ഒന്നിനു ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ന് കെഎഎസിന്റെ രണ്ടാം വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിക്കുന്നത്.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് പിഎസ്സി കെഎഎസിന്റെ പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം കെഎഎസ് പരീക്ഷയ്ക്കായി അഞ്ചു ലക്ഷത്തിലേറെപേര്‍ അപേക്ഷ നല്‍കുമെന്നാണ് പിഎസ്സി കണക്കാക്കുന്നത്. 2019 ല്‍ പ്രസിദ്ധീകരിച്ച ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരം മൂന്നു സ്ട്രീമുകളിലായി 5,77,444 പേരാണ് അപേക്ഷിച്ചത്.
സ്ട്രീം ഒന്നില്‍ 5,47,543 പേരും സ്ട്രീം രണ്ടില്‍ 26,950 പേരും സ്ട്രീം മൂന്നില്‍ 2951 പേരുമായിരുന്നു അപേക്ഷ നല്‍കിയത്. 4,00,014 പേര് കണ്ഫര്മേഷന് നല്‍കിയെങ്കിലും (സ്ട്രീം ഒന്ന്-375993, സ്ട്രീം രണ്ട്-22564, സ്ട്രീം മൂന്ന്-1457) 3,29,826 പേരാണ് പരീക്ഷയെഴുതിയത്. സ്ട്രീം ഒന്നില്‍ 308138 പേരും സ്ട്രീം രണ്ടില്‍ 20292 പേരും സ്ട്രീം മൂന്നില്‍ 1396 പേരും പരീക്ഷയെഴുതി.
ആദ്യം നടത്തിയ കെഎഎസ് പരീക്ഷയുടെ അതേ മാതൃകയിലാകും ഇത്തവണയും കെഎഎസ് പരീക്ഷ നടത്തുക. മുന്‍ കെഎഎസ് പരീക്ഷയുടെ സിലബസില്‍ തന്നെയാകും ഇത്തവണയും പ്രാധമിക, മെയിന്‍ പരീക്ഷകള്‍. രണ്ടു പരീക്ഷയുടെയും സിലബസ് ഇന്ന് പിഎസ്സി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. പ്രാഥമിക, മെയിന്‍ പരീക്ഷകളില്‍ ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഉള്‍പ്പെടുത്തും.
ഭാഷാന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കു തമിഴ്, കന്നഡ പരിഭാഷയും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു തമിഴ്, കന്നഡ ഭാഷകളിലും ഉത്തരമെഴുതുന്നതിന് അവസരം ലഭിക്കും. കഴിഞ്ഞ തവണത്തേതുപോലെ പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
350 മാര്‍ക്കിലാണ് കെഎഎസിന്റെ റാങ്ക് പട്ടിക തയാറാക്കുന്നത്. പ്രാഥമിക പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് റാങ്ക് നിര്‍ണയത്തിനു പരിഗണിക്കില്ല. പ്രധാന പരീക്ഷയുടെ 300 മാര്‍ക്ക്, അഭിമുഖ പരീക്ഷയുടെ 50 മാര്‍ക്ക് എന്നിവ ഉള്‍പ്പെടുത്തിയാണ് 350 മാര്‍ക്കില്‍ അന്തിമ റാങ്ക് പട്ടിക തയാറാക്കുക. 2019ലെ ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരമുള്ള റാങ്ക് പട്ടികയില്‍ 562 പേരാണ് ഉള്‍പ്പെട്ടിരുന്നത്. സ്ട്രീം ഒന്നില്‍ 190 പേരെയും സ്ട്രീം രണ്ടില്‍ 185 പേരെയും സ്ട്രീം മൂന്നില്‍ 187 പേരെയുമാണ് ഉള്‍പ്പെടുത്തിയത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷ ഈ വര്‍ഷം ജൂണ്‍ 14നു നടക്കും. കെഎഎസിന്റെ പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷയില്‍ 100 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാകും ഉണ്ടാകുക. വിവരണാത്മക രീതിയിലുള്ള പ്രധാന പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്താനാണ് പിഎസ്സി തീരുമാനിച്ചിട്ടുള്ളത്.
100 മാര്‍ക്ക് വീതമുള്ള മൂന്നു പേപ്പറുകളാകും മെയിന്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തുക. 2026 ജനുവരിയില്‍ അഭിമുഖ പരീക്ഷ പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.