പ്രസവത്തെത്തുടര്‍ന്ന് ഡോക്ടറും നവജാതശിശുവും മരിച്ചു
Thursday, March 6, 2025 2:02 AM IST
നെടുങ്കണ്ടം: പ്രസവത്തെത്തുടര്‍ന്ന് വനിതാഡോക്ടറും നവജാത ശിശുവും മരിച്ചു. ഉടുമ്പന്‍ചോല പാറത്തോട് ഗുണമണി വീട്ടില്‍ ഡോ. വീരകിഷോറിന്റെ ഭാര്യ ഡോ. വിജയലക്ഷ്മി (29) യും നവജാതശിശുവുമാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു വിജയലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ പ്രസവലക്ഷണങ്ങൾ കാണിച്ചെങ്കിലും സങ്കീര്‍ണത ഉണ്ടായതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു.
അല്പസമയത്തിനുശേഷം കുഞ്ഞ് മരിച്ചു. രാത്രി ഒമ്പതോടെ വിജയലക്ഷ്മിയുടെ ആരോഗ്യനിലയും വഷളായി. താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സാസൗകര്യം ഇല്ലാത്തതിനാല്‍ കട്ടപ്പനയില്‍നിന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തിച്ചു രാത്രി പത്തോടെ തേനി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. യാത്രാമധ്യേ തമിഴ്നാട്ടില്‍വച്ച് വിജയലക്ഷ്മിയും മരിച്ചു.
ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിജയലക്ഷ്മിയുടെ മൃതദേഹം ജന്മനാടായ തമിഴ്നാട്ടിലെ തേനി പണ്ണൈപുറത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഗണേശന്-നാഗലക്ഷ്മി ദന്പതികളുടെ മകളാണ് ഡോ. വിജയലക്ഷ്മി. ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടു വര്‍ഷത്തോളം സേവനം ചെയ്ത ഡോ. വിജയലക്ഷ്മി ഉപരിപഠനത്തിനായി അവധിയെടുത്തിരുന്നു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ താത്കാലികമായി സേവനം ചെയ്തിരുന്ന ഭര്‍ത്താവ് ഡോ. വീരകിഷോറും വിജയലക്ഷ്മിയും ചേര്‍ന്ന് പാറത്തോട് മേട്ടകിലില് പഠനത്തോടൊപ്പം ക്ലിനിക്ക് നടത്തിവരികയായിരുന്നു.