കാട്ടുപോത്തിന്റെ ആക്രമണം: പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Friday, March 7, 2025 2:29 AM IST
മലക്കപ്പാറ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇതരസംസ്ഥാനതൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സഞ്ജയ് ആണു മരിച്ചത്.
മലക്കപ്പാറയിൽ ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. നട്ടെല്ലിനും ആന്തരാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റതാണു മരണകാരണമെന്നാണു പൊള്ളാച്ചിയിലെ ആശുപത്രി അധികൃതരുടെ വിശദീകരണം.ഞായാറാഴ്ച കടയിൽനിന്നു സാധനങ്ങൾ വാങ്ങിവരുന്പോഴായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്.
റോഡിലൂടെ നടന്നുപോകുന്പോൾ ഓടിയടുത്ത കാട്ടുപോത്ത് യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. ഉടൻതന്നെ യുവാവിനെ അടുത്തുള്ള ടാറ്റാ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരപരിക്കേറ്റതിനാൽ വിദഗ്ധചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്കു മാറ്റി. ഇന്നലെ പുലർച്ചെ മരിച്ചു.സഞ്ജയും കുടുംബവും വർഷങ്ങളായി ഇവിടെതാമസിക്കുന്നവരാണ്.