ബാലവിവാഹം: ബോധവത്കരണത്തിന് കര്‍മപദ്ധതി നിര്‍ദേശിച്ച് ഹൈക്കോടതി
Thursday, March 6, 2025 2:02 AM IST
കൊച്ചി: വയനാട് ജില്ലയിലെ ഗോത്രഗ്രാമങ്ങളില്‍ ബാലവിവാഹവും അതിന്റെ ഫലമായുള്ള പോക്സോ കേസുകളും തുടരുന്ന സാഹചര്യത്തില്‍ വ്യാപക ബോധവത്കരണത്തിന് കര്‍മപദ്ധതി നിര്‍ദേശിച്ച് ഹൈക്കോടതി. വയനാട്ടിലെ സ്കൂളുകളില്‍ പ്രൈമറിതലം മുതല്‍ മൂന്നു മാസത്തിനകം ബോധവത്കരണ പരിപാടികള്‍ നടത്തണം.
ഇതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് വിദ്യാഭ്യാസ, പട്ടികവര്‍ഗ വകുപ്പുകള്‍ സഹായസഹകരണങ്ങള്‍ നല്‍കണം. എല്ലാ കുട്ടികളും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ബോധവത്കരണ സെഷനില്‍ പങ്കെടുക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണം.
പട്ടികവര്‍ഗ ക്ഷേമത്തിനുള്ള ഗോത്ര വര്ദ്ധന് സ്കീമിന്റെ കാര്യത്തിലടക്കം ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ വ്യാപക ബോധവത്കരണം വേണം. ട്രൈബല്‍ പ്രമോട്ടര്‍മാരും വോളണ്ടിയര്‍മാരും പങ്കാളികളാകണം. ശൈശവ വിവാഹങ്ങള്‍ക്കെതിരായ സിനിമകള്‍ പരമാവധി ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
സെറ്റില്‍മെന്റുകളിലും സ്കൂളുകളിലും പോസ്റ്ററുകള്‍ പ്രചരിപ്പിക്കണം. ജില്ലാതല ശിശു സംരക്ഷണ യൂണിറ്റിനും പ്രമോട്ടര്‍മാര്‍ക്കും ലീഗല്‍ സര്‍വീസസ് അഥോറിറ്റി ക്ലാസുകള്‍ നല്‍കണം. ബാലവിവാഹങ്ങള്‍ തടയാന്‍ പ്രമോട്ടര്‍മാര്‍ക്കും മറ്റുമുള്ള മജിസ്റ്റീരിയല്‍ അധികാരം ബോധ്യപ്പെടുത്തണം. എല്ലാ വര്‍ഷവും പുരോഗതി അവലോകനം ചെയ്യണം.
എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ഈ ദൗത്യത്തിന് സഹായസഹകരണങ്ങള്‍ നല്‍കണം. വിവരശേഖരണത്തിനടക്കം കെല്‍സ മേല്‍നോട്ടം വഹിക്കണം. ആറുമാസം കൂടുമ്പോള്‍ പുരോഗതി റിപ്പോർട്ട് ചെയര്മാന് സമര്‍പ്പിക്കണമെന്നുമാണ് നിർദേശം.
കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.