വാളയാര്‍ കേസ്: അമ്മയെയും രണ്ടാനച്ഛനെയും മൂന്നു കേസുകളിൽക്കൂടി പ്രതിചേര്‍ത്ത് സിബിഐ
Thursday, March 6, 2025 2:02 AM IST
കൊച്ചി: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും മൂന്നു കേസുകളില്‍ക്കൂടി പ്രതിചേര്‍ത്ത് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറു കേസുകളില്‍ ഇവരെ പ്രതിചേര്‍ത്ത് സിബിഐ മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മാതാപിതാക്കളുടെ അടുത്ത സഹായി പ്രദീപ് കുമാറിന്റെയും ഇരകളുടെ ബന്ധുവായ കുട്ടി മധു എന്ന എം. മധുവിന്റെയും മരണത്തെത്തുടര്‍ന്ന് ഈ മൂന്ന് കേസുകള്‍ നേരത്തേ അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, കേസുകളില്‍ മാതാപിതാക്കള്‍ ലൈംഗിക പീഡനത്തിനും ആത്മഹത്യയ്ക്കും പ്രേരണ നല്‍കിയതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. മാതാപിതാക്കള്‍ നിലവില്‍ ഒമ്പതു കേസുകളില്‍ പ്രതികളാണ്.
കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്നതിലും സൗകര്യമൊരുക്കുന്നതിലും ദമ്പതികള്‍ പ്രധാന പങ്ക് വഹിച്ചതായും മാതാപിതാക്കള്‍ എന്നനിലയില്‍ മനഃപൂര്‍വം അശ്രദ്ധ വരുത്തിയെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ, ജുവനൈല്‍ ജസ്റ്റീസ് നിയമം എന്നിവയിലെ വകുപ്പുകള്‍പ്രകാരം ഇവര്‍ കുറ്റക്കാരാണെന്നും സിബിഐ കണ്ടെത്തി. ഈ മൂന്നു കേസുകളിലും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഹര്‍ജികളും സമര്‍പ്പിച്ചു.
കുട്ടി മധു പ്രതിയായ ഒരു കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സിബിഐക്ക്കോടതി അനുമതി നല്കി. ബാക്കിയുള്ള രണ്ട് കേസുകളില്‍ തുടരന്വേഷണം അനുവദിക്കുന്ന കാര്യത്തില്‍ 25ന് തീരുമാനമെടുക്കും. കൂടുതല്‍ അന്വേഷണത്തിനുശേഷം ഈ കേസുകളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പ്രതി ഉള്‍പ്പെട്ട രണ്ടു കേസുകളില്‍ ഇരകളായവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഈ കേസുകള്‍ നിലവില്‍ പാലക്കാട് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് പരിഗണനയിലുമാണ്.
കേസില്‍ മാതാപിതാക്കള്‍ക്കെതിരേ കുറ്റം ചുമത്താന്‍ സിബിഐക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പയസ് മാത്യു പറഞ്ഞു. അവര്‍ക്കെതിരേ ശാസ്ത്രീയ തെളിവുകളും രേഖകളും സാക്ഷിമൊഴികളും സിബിഐ ശേഖരിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.