ഡോ. കെ.കെ. രാജൻ എഐസിടിഇ കരിക്കുലം കമ്മിറ്റി അംഗം
Thursday, March 6, 2025 2:02 AM IST
മൂവാറ്റുപുഴ: രാജ്യത്തെ എൻജിനിയറിംഗ് കോളജുകളിൽ പുതുതായി ആരംഭിക്കുന്ന ന്യൂക്ലിയർ എൻജിനിയറിംഗ് മൈനർ സ്പെഷലൈസേഷൻ കരിക്കുലം കമ്മിറ്റി അംഗമായി എഐസിടിഇ ഡോ. കെ.കെ. രാജനെ നിയമിച്ചു.
2070 ഓടെ ഇന്ത്യയെ കാർബണ്‍ ന്യൂട്രൽ രാജ്യമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു മുന്നോടിയായാണ് സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂക്ലിയർ എനർജിയെക്കുറിച്ചുള്ള പഠനങ്ങൾ സിലബസിന്റെ ഭാഗമാക്കുന്നത്. ഇതിനുവേണ്ടി അനുയോജ്യമായ കരിക്കുലവും സിലബസും രൂപീകരിക്കാനാണ് ആണവശാസ്ത്ര രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുന്നത്.
ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജിയുടെ കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിൽ ഡിസ്റ്റിൻഗ്യൂഷ്ഡ് സയന്റിസ്റ്റായും ഫാസ്റ്റ് റിയാക്ടർ ടെക്നോളജി ഗ്രൂപ്പിന്റെ ഡയറക്ടറായും ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായി ആറു വർഷവും കെ.കെ. രാജൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ആറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ ഫാസ്റ്റ് ബ്രീഡർ പ്രോജക്ട് ഡിസൈൻ സേഫ്റ്റി കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിച്ചുവരികയാണ്.
കോഴിക്കോട് എൻഐടിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ രാജൻ ഫാസ്റ്റ് റിയാക്ടർ ഇൻസ്ട്രുമെന്റേഷനിൽ പിഎച്ച്ഡിയും എടുത്തിട്ടുണ്ട്. ഇപ്പോൾ വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു. മൂവാറ്റുപുഴ ആരക്കുഴ കാവുംചിറ കുടുംബാംഗമാണ് രാജൻ.