നെല്ലിയാമ്പതിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്കു ഗുരുതരപരിക്ക്
Friday, March 7, 2025 2:29 AM IST
നെന്മാറ: നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ നെല്ലിയാമ്പതി പോത്തുമല നിവാസിയായ എസ്. പഴനിസ്വാമി(56)യാണ് കാരാപ്പാറയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിനിരയായത്. പഴനിസ്വാമിക്കു ഗുരുതരപരിക്കേറ്റു.
നെല്ലിയാമ്പതി പകുതിപ്പാലത്തെ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി) തോട്ടത്തിലെ തൊഴിലാളിയാണു പഴനിസ്വാമി. പോത്തുമലയിൽനിന്നു തോട്ടത്തിലൂടെ കാരപ്പാറയിലേക്കു നടന്നുവരുന്പോഴാണ് കാട്ടാന ആക്രമിച്ചത്.
കാപ്പിത്തോട്ടത്തിനിടയിലൂടെ കാരപ്പാറ തൂക്കുപാലംവഴി നൂറടി ഭാഗത്തേക്കു നടന്നുവരികയായിരുന്നു പഴനിസ്വാമി. വളവുതിരിഞ്ഞ ഉടൻ കാട്ടാനയെ കണ്ട് പിന്തിരിഞ്ഞ് ഓടുന്നതിനിടെ കാട്ടാന ഓടിവന്ന് തട്ടിത്തെറിപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ തോട്ടം തൊഴിലാളികൾ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അറിയിച്ചു.
അവിടെനിന്ന് 108 ആംബുലൻസിന്റെ സഹായത്തോടെയാണ് പഴനിസ്വാമിയെ നെന്മാറ ആശുപത്രിയിലേക്ക് എത്തിച്ചത്.
ആക്രമണത്തിൽ പഴനിസ്വാമിയുടെ വാരിയെല്ല് പൊട്ടിയെന്നും നിരവധി മുറിവുകളും പരിക്കുകളും ഏറ്റിട്ടുണ്ടെന്നും ഡോ. രഞ്ജിത്ത് ജോസഫ് പറഞ്ഞു. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണു പഴനിസ്വാമി.
പഴനിസ്വാമിയെ തുടർചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിശോധനകളിൽ ആന്തരികരക്തസ്രാവവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും കണ്ടതിനെത്തുടർന്ന് ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.