പരീക്ഷാ ചോദ്യപേപ്പര്‍ ചോർച്ച ; മലപ്പുറം സ്കൂളിലെ പ്യൂണ്‍ അറസ്റ്റിൽ
Thursday, March 6, 2025 2:02 AM IST
മലപ്പുറം/കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനു ചോദ്യപ്പേപ്പർ ചോർത്തി നൽകിയ സംഭവത്തിൽ മലപ്പുറം മേൽമുറിയിലെ അണ് എയ്ഡഡ് വിദ്യാലയമായ മഅ്ദിൻ ഹയർസെക്കൻഡറി സ്കൂളിലെ പ്യൂണ്‍ അബ്ദുൾ നാസറെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
അറസ്റ്റിനു പിന്നാലെ മലപ്പുറം രാമപുരം സ്വദേശിയായ നാസറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സീൽഡ് കവറിന്റെ പിറകുവശം മുറിച്ചാണ് ചോദ്യപേപ്പർ ചോർത്തിയത്. ഫോണിൽ ഫോട്ടോയെടുത്ത് എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകന് അയച്ചുകൊടുത്ത ശേഷം പഴയ പോലെ കവർ ഒട്ടിച്ചുവയ്ക്കുകയായിരുന്നു.
പ്ലസ് വണ്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്എസ്എൽസിയുടെ ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പർ ചോർത്തിയെന്ന് ഇയാൾ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് എസ്പി വ്യക്തമാക്കി.
മഅ്ദിൻ സ്കൂളിൽ മുന്‍പ് പ്രധാനാധ്യാപകനായിരുന്ന എംഎസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദിനാണ് നാസർ ചോദ്യപേപ്പർ ചോർത്തിക്കൊടുത്തത്. കേസിൽ ഫഹദ് നേരത്തേ അറസ്റ്റിലായിരുന്നു. ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻസ് ചോർത്തി യൂട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.