നോട്ടറി പദവിയിലെത്തുന്ന രാജ്യത്തെ ആദ്യ സന്യാസിനിയായി സിസ്റ്റർ അഡ്വ. ഷീബ പോൾ
Thursday, March 6, 2025 2:52 AM IST
സിജോ പൈനാടത്ത്
കൊച്ചി: രാജ്യത്ത് ആദ്യമായി നോട്ടറി പദവിയിലെത്തി ഒരു സന്യാസിനി. സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനിസഭാംഗം സിസ്റ്റർ അഡ്വ. ഷീബ പോൾ പാലാട്ടിയെയാണു കേന്ദ്രസർക്കാർ നോട്ടറിയായി നിയമിച്ചത്.
നോട്ടറി തസ്തികയിലേക്കുള്ള പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയാക്കിയ സിസ്റ്റർ ഷീബയ്ക്ക് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ലഭിച്ചു. മഹാരാഷ്ട്രയിൽനിന്നുള്ള പുതിയ നോട്ടറിമാരുടെ പേരുകളുമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പട്ടികയിലാണ് സിസ്റ്റർ ഷീബയും ഉൾപ്പെട്ടിട്ടുള്ളത്.
2013 മുതൽ മുംബൈയിൽ നിയമരംഗത്തുള്ള സിസ്റ്റർ ഷീബ പോൾ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും നീതിക്കുമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുംബൈയിലെ കുടുംബക്കോടതിയിലെത്തുന്ന നിസഹായരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിലും സിസ്റ്റർ സജീവമായിരുന്നു.
മലയാറ്റൂർ നീലീശ്വരം പാലാട്ടി പോൾ- ആനീസ് ദന്പതികളുടെ മകളായ സിസ്റ്റർ ഷീബ, ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിന്റെ പൂനെ പ്രോവിൻസ് അംഗമാണ്.