സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം
Friday, March 7, 2025 1:33 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. ഇന്നലെ രാവിലെ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന നേതാവ് എ.കെ. ബാലൻ പതാക ഉയർത്തി.
പ്രിതിനിധി സമ്മേളനം സിപിഎം ദേശീയ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭരണത്തിൽ നടപ്പാക്കേണ്ട നിലപാടുകൾ അടങ്ങുന്ന നവകേരള നയരേഖ പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിച്ചു. ടി.പി. രാമകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പുത്തലത്ത് ദിനേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എസ്. രാമചന്ദ്രൻപിള്ള, വൃന്ദ കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, സുഭാഷിണി അലി, അശോക് ധാവള, എം.വി. ഗോവിന്ദൻ, വിജു കൃഷ്ണൻ, എ.ആർ. സിന്ധു, പാലോളി മുഹമ്മദ്കുട്ടി, പി.കെ. ഗുരുദാസൻ, പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവർ സന്നിഹതരായിരുന്നു.
സംഘാടക സമിതി ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതവും ജനറൽ കൺവീനർ എസ്. സുദേവൻ നന്ദിയും പറഞ്ഞു. ഇന്നും നാളെയും പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചകളും നവകേരള നയരേഖയെക്കുറിച്ചുള്ള ചർച്ചകളും നടക്കും. പ്രതിനിധി സമ്മേളനത്തിന്റെ അവസാന ദിവസമാണ് ചർച്ചകൾക്കുള്ള മറുപടി.