മലയാറ്റൂർ കുരിശുമുടിയിൽ നോമ്പുകാല ശുശ്രൂഷകൾ ആരംഭിച്ചു
Friday, March 7, 2025 2:29 AM IST
മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ നോമ്പുകാല ശുശ്രൂഷകൾ ആരംഭിച്ചു. വലിയ നോമ്പ് ആരംഭിച്ചതോടെ മല കയറുന്ന തീർഥാടകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
കുരിശുമുടിയിൽ എല്ലാ ദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം ആറിന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും
ശനിയാഴ്ചകളിൽ രാത്രി 12ന് വിശുദ്ധ കുർബാന, നൊവേന.
നോമ്പിന്റെ ആരംഭം മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രിയും പകലും മലകയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈമാസം 20 മുതൽ മേയ് 25 വരെ ദിവസത്തിന്റെ മുഴുവൻ സമയവും കുരിശുമുടി കയറാൻ സാധിക്കും. മാർച്ച് രണ്ടു മുതൽ 20 വരെ പുലർച്ചെ 4.30 മുതൽ രാത്രി 10 വരെ മല കയറാം. 12ന് ലൈറ്റുകൾ ഓഫ് ചെയ്യും.
കുരിശുമുടിയിൽ കുമ്പസാരത്തിനും അടിമ സമർപ്പണ പ്രാർഥനയ്ക്കും കുർബാന നിയോഗങ്ങൾ ഏൽപ്പിക്കുന്നതിനും എല്ലാ സമയത്തും സൗകര്യമുണ്ട്.
മലയാറ്റൂർ മഹാ ഇടവക കൂട്ടായ്മ ഒന്പതിന് രാവിലെ ഏഴിന് മല കയറുന്നതോടെ ഈ വർഷത്തെ കുരിശുമല കയറുന്നതിനുള്ള ഔദ്യോഗികമായി തുടക്കം കുറിക്കും. തുടർന്ന് 9.30ന് മലമുകളിൽ വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. നോമ്പിന്റെ ആദ്യത്തെ അഞ്ച് വെള്ളിയാഴ്ചകളിലും പ്രമുഖ വചനപ്രഘോഷകർ നയിക്കുന്ന ജാഗരണ പ്രാർഥനയും ഉണ്ടായിരിക്കും.