മയക്കുവെടിവച്ചു പിടികൂടിയ കാട്ടാന ചരിഞ്ഞു
Thursday, March 6, 2025 2:02 AM IST
ഇരിട്ടി (കണ്ണൂർ): രണ്ടു പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ മണിക്കൂറുകൾ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടിയതിനു പിന്നാലെ ചരിഞ്ഞു. മൂന്നു വയസ് പ്രായമുള്ള പിടിയാനയാണു ചരിഞ്ഞത്.
ഇന്നലെ വൈകുന്നേരത്തോടെ മയക്കുവെടി വച്ച് പിടികൂടിയ ആനയ്ക്ക് ആറളംഫാം വളയംചാലിലെ വന്യജീവി സങ്കേതത്തിലെ പ്രത്യേക പരിചരണ കേന്ദ്രത്തിൽ ചികിത്സ നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഒൻപതോടെയാണ് ആന ചരിഞ്ഞത്.
പിടികൂടുന്പോൾ ആനയുടെ താടിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. മുൻകാലിനും പരിക്കുണ്ടായിരുന്നു. പടക്കമോ അതുപോലുള്ള സ്ഫോടകവസ്തുക്കളോ ഭക്ഷണമാണെന്നു കരുതി കടിച്ചതിനെത്തുടർന്നാകാം താടിയെല്ല് തകർന്നതെന്നാണു പ്രാഥമിക നിഗമനം.
താടിയെല്ലിനുണ്ടായ പൊട്ടൽ കാരണം ഭക്ഷണമോ വെള്ളമോ കഴിക്കാനാകാതെ അവശനിലയിലായിരുന്നു ആന. ആനയ്ക്കു പരിക്കേറ്റത് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് കണ്ണൂർ എസിഎഫ് അറിയിച്ചു.
ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇന്നലെ രാവിലെ ആറരയോടെ എടപ്പുഴ റോഡിൽ വെന്തചാപ്പയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനായി എത്തിയ ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാറും സംഘവും സഞ്ചരിച്ച വാഹനത്തെ പിടിയാന ആക്രമിച്ചു.
പുലർച്ചെ 5.15 ഓടെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനു സമീപം ആറളം, അയ്യൻകുന്ന പഞ്ചായത്തുകളെ വേർതിരിക്കുന്ന പത്താഴപുര പാലത്തിനു സമീപമാണു കാട്ടാനയെ നാട്ടുകാരനായ പി.എസ്. തങ്കച്ചൻ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പുലർച്ചെ 6.30 തോടെ വെന്തചാപ്പയിൽ എത്തിയ ആന പുഴയിലെ ചപ്പാത്തിൽ ഇറങ്ങി നിലയുറപ്പിക്കുകയായിരുന്നു.
ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാട്ടിലേക്കു തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആന വനംവകുപ്പിന്റെ വാഹനത്തിനു നേരേ തിരിഞ്ഞത്. വനപാലകരും നാട്ടുകാരും ശബ്ദംവച്ചതോടെ ആന സമീപത്തെ ജോയി എന്നയാളുടെ വീടിനു പിറകിലെ കുന്ന് കയറി.
ആനയെ തുരത്താൻ വനംവകുപ്പുദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് പിന്തുടർന്നതോടെ പല സ്ഥലങ്ങളിലേക്കും സഞ്ചരിച്ച് പത്തോടെ കരിക്കോട്ടക്കരി ഈന്തുംകരി റോഡിലെ കൂമന്തോട് ഭാഗത്തെ ജനവാസ മേഖലയിലേക്കു മാറി. ഇവിടെ ആനയെ നിരീക്ഷിച്ച വനപാലകർ ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി.
പരിക്കിന്റെ വേദനയാലാണ് ആന പരക്കം പായുന്നതെന്നു മനസിലാക്കിയതോടെ കാട്ടിലേക്കു തുരത്താനാകാത്ത അവസ്ഥയായി. ഇടവിട്ട സമയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ദേഹത്ത് വെള്ളം ചീറ്റിച്ചപ്പോൾ ആന അല്പം തണുത്ത് ശാന്തത കൈവരിച്ചെങ്കിലും വീണ്ടും അക്രമാസക്തമായി.
ഇതോടെ ആനയെ മയക്കുവെടിവച്ചു പിടികൂടുക എന്ന തീരുമാനത്തിലെത്തി. വൈകുന്നേരം 4.45 ഓടെ വയനാട്ടിൽ നിന്നുമെത്തിയ മയക്കുവെടി വിദഗ്ദ്ധൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം പത്തു മിനിറ്റിനകം മയക്കു വെടിവയ്ക്കുയായിരുന്നു. മയക്കുവെടിയേറ്റ ആന ഡോക്ടർമാരുടെ സംഘത്തിനു നേരേ തിരിഞ്ഞതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
പത്തു മിനുട്ടോളം പരിഭ്രാന്തി പരത്തിയ ആന പിന്നീട് മയങ്ങി. ഇതോടെ വടങ്ങൾ ഉപയോഗിച്ച് ബന്ധിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകി വാഹനത്തിൽ വനംവകുപ്പിന്റെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റി ചികിത്സ നൽകി വരികയായിരുന്നു.