അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ
Thursday, March 6, 2025 2:52 AM IST
ഏറ്റുമാനൂർ: പാറോലിക്കലിനു സമീപം അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെ തൊടുപുഴയിലെ വീട്ടിൽനിന്ന് എസ്എച്ച്ഒ ഇൻസ്പെക്ടർ എ.എസ്. അൻസലിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിനു ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. നോബിക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഭാര്യ ഷൈനി ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നതായി നോബി മൊഴി നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളായിരുന്നു സന്ദേശത്തിൽ എന്നാണു സൂചന.
നോബിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷൈനിയുടെ ഫോണും പോലീസ് കസ്റ്റഡിയിൽ വാങ്ങും. നോബിയുടെ ഫോണിലെ വാട്സാപ്പ് ചാറ്റുകൾ മുഴുവൻ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാനുള്ള നടപടി തുടങ്ങി.
ഒമ്പതു മാസം മുമ്പാണ് നോബിയുടെ തൊടുപുഴയിലെ വീട്ടിൽനിന്ന് ഷൈനി ഏറ്റുമാനൂർ 101 കവലക്കു സമീപമുള്ള സ്വന്തം വീട്ടിലേക്ക് എത്തിയത്. ഭർതൃഗൃഹത്തിൽ നോബിയുടെ ക്രൂരമർദനത്തിന് ഷൈനി ഇരയായിരുന്നെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഏറ്റുമാനൂർ കുടുംബക്കോടതിയിൽ നിലനിൽക്കുമ്പോഴാണ് കഴിഞ്ഞ വെള്ളിയാഴ്ച ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി ആത്മഹത്യ ചെയ്തത്.
കേസിൽ നോബി മാത്രമാണ് നിലവിൽ പ്രതി. കുടുംബത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നത് പോലീസിന്റെ വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ.
വിദേശത്ത് ജോലി ചെയ്യുന്ന നോബി അവധി കഴിഞ്ഞ് മടങ്ങിയ ദിവസമാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത്. യാത്രയ്ക്കിടെ വിവരമറിഞ്ഞ നോബി തിരികെയെത്തുകയായിരുന്നു.
സംസ്കാരദിവസം ഷൈനിയുടെ വീട്ടിലും തൊടുപുഴയിലെ സ്വന്തം വീട്ടിലും സംസ്കാരം നടന്ന പള്ളിയിലും നോബിക്കെതിരേ വലിയ തോതിൽ ജനരോഷം ഉയർന്നിരുന്നു.