പിണറായിയെ ആർഎസ്എസ് പ്രചാരക് ആക്കണമെന്ന് കെ. സുധാകരൻ
Thursday, March 6, 2025 2:52 AM IST
തിരുവനന്തപുരം: മതനിരപേക്ഷാ കക്ഷികൾക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാൻപോലും നാക്കു പൊന്താത്ത മുഖ്യമന്ത്രി ഇന്ത്യ സഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്.
ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ലാവ്ലിൻ കേസ് ഉൾപ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു. ഇന്ത്യ സഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവർത്തിച്ചു.
സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോൾ സിപിഎം കോണ്‍ഗ്രസിനെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.