എസ്ഡിപിഐയെ നിരോധിക്കാൻ സാധ്യത
Thursday, March 6, 2025 2:52 AM IST
കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സംഘടനയെ നിരോധിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നതായി സൂചന.
ദേശീയ അധ്യക്ഷന്‍ കെ. മൊയ്തീന്‍കുട്ടി എന്ന എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു പിന്നാലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഫൈസി അറസ്റ്റിലായത്. 2018 മുതല്‍ എസ്ഡിപിഐ അധ്യക്ഷനാണ് ഇദ്ദേഹം.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കളും അണികളും ഒന്നുതന്നെയാണെന്നാണ് ഇഡി പറയുന്നത്.
രാജ്യത്ത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എസ്ഡിപിഐക്ക് പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് നല്‍കുന്നതെന്നാണ് ഇഡി കണ്ടെത്തല്‍. വിദേശത്തുനിന്നടക്കം ഫണ്ട് സമാഹരിച്ച് നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി 3.75 കോടി രൂപ എസ്ഡിപിഐക്കു പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതിന്റെ രേഖ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയില്‍നിന്നു കണ്ടെടുത്തതായി ഇഡി വ്യക്തമാക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എം.കെ. ഫൈസിക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍നിന്ന് എഴുതിയ കത്തിന്റെ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടുണ്ട്.