ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
Thursday, March 6, 2025 2:02 AM IST
ഗാന്ധിനഗർ: ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് കൈപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. മറ്റൊരു യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കൈപ്പുഴ മേക്കാവ് ഗവൺമെന്റ് എസ്കെവി എൽപി സ്കൂളിന് സമീപം ഇടത്തിപ്പറമ്പിൽ സാബുവിന്റെ മകൻ ശ്രീനാഥ് സാബു (26) ആണ് മരിച്ചത്. ശ്രീനാഥിനൊപ്പം ബൈക്കിൽ കൈപ്പുഴ സ്വദേശികളായ അനന്ദു, ജോസ് കുട്ടൻ എന്നി സുഹൃത്തുക്കളുമുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം കല്ലറ കൈതക്കനാൽ റോഡിൽ മുടക്കാലി പാലത്തിനും കല്ലറ ജംഗ്ഷനും ഇടയ്ക്ക് ബൈക്ക് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മതിലിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ഇവരെ ഓടിക്കുടിയവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി വൈകി ശ്രീനാഥ് മരിച്ചു.
അനന്ദു ഗുരുതരാവസ്ഥയിലാണ്. ജോസ് കുട്ടൻ ഡിസ്ചാർജായി. കല്ലറ കാവിൽ ഉത്സവത്തിന് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു. ശ്രീനാഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറി.
കടുത്തുരുത്തി പോലീസ് മേൽ നടപടി സ്വീകരിച്ചു. ശ്രീനാഥിന്റെ അമ്മ മായ വിദേശത്തായിരുന്നു. ശ്രീരഞ്ജനി, ശ്രീക്കുട്ടി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നടത്തി.