വന്യജീവി ആക്രമണം: ദുരന്തനിവാരണ നിയമം ഉപയോഗിക്കണമെന്ന് ജോസ് കെ. മാണി
Thursday, March 6, 2025 2:02 AM IST
കോട്ടയം: സംസ്ഥാനത്ത് രൂക്ഷമായ വന്യജീവി ആക്രമണം നേരിടാൻ ദുരന്ത നിവാരണ നിയമം ഉപയോഗിക്കണമെന്ന് ജോസ് കെ. മാണി എംപി.
വന്യജീവി സംരക്ഷണ നിയമ ഭേദഗതിയുടെ കാര്യത്തില്‍ കേന്ദ്രം മുഖം തിരിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അക്രമകാരിയായ മൃഗത്തെ കൊല്ലാന്‍ ഒരു സ്കീം ദുരന്ത നിവാരണ നിയമത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായി അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു.
സുനാമിയുടെ കാലത്ത് രാജ്യത്ത് നിലവില്‍വന്ന ദുരന്ത നിവാരണ നിയമത്തില്‍ മനുഷ്യന് തടുക്കാന്‍ കഴിയാത്ത ഒരു അത്യാഹിതമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നേക്കാമെന്ന സംശയത്തില്‍ പന്നികളെയും താറാവുകളെയുമൊക്കെ കൂട്ടത്തോടെ കൊന്നൊടുക്കിയത് ദുരന്ത നിവാരണ നിയമത്തിന ു കീഴിലായിരുന്നു.
മുണ്ടക്കൈ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്തതും ഇതേ നിയമത്തിനു കീഴിലായിരുന്നു. കേരളത്തില്‍ നടക്കുന്ന വന്യജീവി ആക്രമണങ്ങളെ ദുരന്ത നിവാരണ നിയമത്തില്‍ വ്യാഖ്യാനിക്കുന്നതുപോലെ ഒരു അത്യാഹിതമായി പ്രഖ്യാപിക്കണം. അത്യാഹിതമുണ്ടാകുന്ന സാഹചര്യത്തില്‍ പോലീസിന് ഇടപെടാം. കേരളത്തില്‍ 16,845 കിലോമീറ്റര്‍ നീളത്തില്‍ വനാതിര്‍ത്തിയുണ്ട്.
51 നിയമസഭാ മണ്ഡലങ്ങളിലെ 223 ഗ്രാമപഞ്ചായത്തുകള്‍ വനാതിര്‍ത്തി പങ്കിടുന്നു. ഇതില്‍ 1004 സ്ഥലങ്ങള്‍ കടുത്ത വന്യജീവി ആക്രമണ സാധ്യതാകേന്ദ്രങ്ങളാണ്. സംസ്ഥാനത്തൊട്ടാകെയുള്ള 124 വനംസ്റ്റേഷനുകളിലടക്കം സംസ്ഥാനത്തൊട്ടാകെ 3825 വനപാലകര്‍ മാത്രമാണുള്ളത്. വന്യമൃഗ സംഘര്‍ഷം നിത്യസംഭവമായി മാറിയിരിക്കുന്നു.
ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്ര നിയമം നിലനില്‍ക്കെ സ്വതന്ത്ര സംസ്ഥാന നിയമനിര്‍മാണം നടത്തുകയും സുപ്രീംകോടതിയുടെ അഞ്ച് അംഗ ബെഞ്ച് 2023 മേയിൽ ഈ നിയമങ്ങള്‍ ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ജനവാസ മേഖലയിലിറങ്ങുന്ന ആക്രമണകാരികളായ വന്യജീവികളെ കൊല്ലാന്‍ സംസ്ഥാനം സ്വതന്ത്ര നിയമനിര്‍മാണം നടത്തണം.
പോലീസിന് അക്രമകാരിയായ മൃഗത്തെ നേരിടാനുള്ള ശക്തിയും സംവിധാനവുമുണ്ട്. അധികാരം ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിന് നല്കിയാല് മതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നത് ഉചിതമായിരിക്കുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.