അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ചെറുകിട കരാറുകാര്‍
Friday, March 7, 2025 1:33 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: സര്‍ക്കാര്‍ ആശീര്‍വാദത്തോടെ കരാറിലേര്‍പ്പെടുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ഉള്‍പ്പെടെ അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ചെറുകിട കരാറുകാര്‍ രംഗംവിടുന്നു.
സംസ്ഥാനത്ത് 20,000 കോണ്ട്രാക്ടര്മാരുണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 5000ല്‍ താഴെയായി ചുരുങ്ങി. തൊഴില്‍ ദൗര്‍ലഭ്യവും ചൂഷണവും വന്‍കിട, ചെറുകിട വിവേചനവുമാണു കാരാറുകാരെ നിര്മാണമേഖലയില്നിന്നു പിന്തിരിയാന് പ്രേരിപ്പിക്കുന്നത്.
അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെണ്ടറില്ലാതെ പ്രവൃത്തി അനുമതിയും നിര്‍മാണത്തിനൊപ്പം പണവും നല്കുമ്പോള് ചെറുകിട കരാറുകാര്‍ക്ക് നിര്‍മാണത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുടിശികയാണ്. ഇതോടെ കോടികള്‍ വായ്പ എടുത്ത ചെറുകിട കരാറുകാര്‍ ബാങ്കുകളുടെയും കെഎഫ്സിയുടെയും ഭീഷണിക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.
സാമ്പത്തികവര്‍ഷം തീരാനിരിക്കെ കുടിശികയില്‍ ബാങ്കുകള്‍ കര്‍ശന നടപടിയിലേക്ക് കടന്നതോടെ സര്‍ക്കാര്‍ കരാറുകാര്‍ കുരുക്കിലായി. 1500 കരാറുകാര്‍ക്ക് ജപ്തിനോട്ടീസ് ലഭിച്ചതായി കരാറുകാര്‍ പറയുന്നു. ജല്‍ജീവന്‍ മിഷനില്മാത്രം 700 കരാറുകാരാണ് നടപടി നേരിടുന്നത്.
14,000 കോടി രൂപയാണ് സംസ്ഥാനത്ത് കരാറുകാര്‍ക്ക് വിവിധ വകുപ്പുകളില്‍നിന്നു കിട്ടാനുള്ളത്. വാട്ടര്‍ അതോറിറ്റിയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തവര്‍ക്ക് 18 മാസത്തെ കൂടിശികയുണ്ടെന്ന് കരാറുകാര്‍ വ്യക്തമാക്കുന്നു. കുടിശിക 31നു മുന്‍പ് നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.
ബാങ്ക് തിരിച്ചടവിന് സാവകാശം ലഭിക്കാന്‍ കരാറുകാര്‍ സര്‍ക്കാര്‍ സഹായം തേടി. ധനമന്ത്രി സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് കത്തും നല്കി. ജപ്തിനടപടി തത്കാലം നീട്ടിവച്ചെങ്കിലും 31നുമുന്പ് പണമാവശ്യപ്പെട്ട് ബാങ്കുകള്‍ വീണ്ടും നോട്ടീസ് നല്‍കിത്തുടങ്ങി.
സര്‍ക്കാര്‍ ഗാരന്റിയില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം വേണമെന്നാണു കരാറുകാരുടെ ആവശ്യം. പൊതുമരാമത്തുവകുപ്പില്‍ എട്ടുമാസത്തെ തുകയാണു കരാറുകാര്‍ക്ക് കൊടുക്കാനുള്ളത്.
പണിത്തുക ബാങ്ക് വായ്പയായി നല്കുന്നതില് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ട്രേഡ്സ് സ്കീം വേണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടിരുന്നു. കിട്ടാനുള്ള തുക ബാങ്ക് വായ്പയായി കരാറുകാരനു കൊടുക്കുകയും മുതലും പലിശയും സര്‍ക്കാര്‍ ബാങ്കിന് അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.
സംസ്ഥാനത്തെ ബില്‍ ഡിസ്കൗണ്ടിംഗ് രീതി ഇതിനു സമാനമാണെങ്കിലും പലിശ ബാധ്യത കരാറുകാരനുതന്നെയാണ്. 40ല്‍ താഴെ വരുന്ന അക്രഡിറ്റഡ് കരാറുകാര്‍ക്ക് ടെണ്ടറില്ലാതെ പ്രവൃത്തി നല്‍കുകയും തുക ഉടന്‍ നല്കുന്നതുപോലെ ചെറുകിട കരാറുകാരെയും പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.