‘മാര്‍ക്കോയുടെ പ്രായം കുറഞ്ഞ ആരാധകന്’; വിവാദത്തിനു പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിച്ച് ഉണ്ണി മുകുന്ദന്
Thursday, March 6, 2025 2:02 AM IST
കൊച്ചി: യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ ‘മാര്‍ക്കോ’ പോലുള്ള സിനിമകള്‍ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ, നടന് ഉണ്ണി മുകുന്ദന് പങ്കുവച്ച വിവാദ ഇന്‍സ്റ്റഗ്രാം സ്റ്റോറി പിന്‍വലിച്ചു.
‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്’ എന്ന അടിക്കുറിപ്പോടെ കൊച്ചുകുട്ടി മാര്‍ക്കോ സിനിമ ഫോണില്‍ കാണുന്ന വീഡിയോയാണു നടന് സ്റ്റോറിയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതിനെതിരേ നിരവധി കമന്റുകളാണ് നിമിഷങ്ങള്‍ക്കകം എത്തിയത്.
പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണേണ്ട എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒരു കൊച്ചുകുഞ്ഞ് കാണുന്നതില്‍ നടന് പ്രശ്നം തോന്നുന്നില്ലേ? എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമര്‍ശനം. മോസ്റ്റ് വയലന്റ് സിനിമ എന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം കുട്ടികള്‍ കാണുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഒരു വിഭാഗം ചോദിക്കുന്നു.
വിമര്‍ശനങ്ങള്‍ കനത്തതോടെ ഒടുവില്‍ നടന് സ്റ്റോറി പിന്‍വലിക്കുകയായിരുന്നു.