കായികതാരങ്ങള്‍ക്കു കുതിക്കാന്‍ 117 പഞ്ചായത്ത് സ്റ്റേഡിയങ്ങള്‍
Thursday, March 6, 2025 2:02 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുത്തന്‍ കുതിപ്പേകാന്‍ 117 ഗ്രാമീണ സ്റ്റേഡിയങ്ങള്‍ കൂടി നിര്‍മിക്കും. പതിനാലു ജില്ലകളിലെയും വിവിധ പഞ്ചായത്തുകളിലായാണ് ഈ സ്റ്റേഡിയങ്ങള്‍ വരിക.
കായിക ഉന്നമനം ലക്ഷ്യമിട്ട് ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യമായ സ്റ്റേഡിയങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കായിക യുവജനകാര്യ ഡയറക്ടര്‍ സമര്‍പ്പിച്ച ലിസ്റ്റ് സര്‍ക്കാര്‍ പരിഗണിച്ചശേഷമാണ് അനുമതി നല്‍കിയത്.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സ്റ്റേഡിയങ്ങള്‍-16. ഇടുക്കി, വയനാട് ജില്ലകളിലാണ് കുറവ്. ഇവിടെ മൂന്ന് വീതം സ്റ്റേഡിയങ്ങള്‍ വരും. തിരുവനന്തപുരം-11, കൊല്ലം- ഒന്‍പത്, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-എട്ട്, കോട്ടയം- ആറ്, എറണാകുളം- ഒന്‍പത്, തൃശൂര്‍-11, പാലക്കാട്-11, കോഴിക്കോട്-11, കണ്ണൂര്‍-10, കാസര്‍ഗോഡ്-നാല് എന്നിങ്ങനെയാണ് സ്റ്റേഡിയങ്ങള്‍. ഇതിനു പുറമേ ഏഴു ജില്ലകളില്‍ ഓരോ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി സൂക്ഷ്മപരിശോധന ആവശ്യമാണെന്നും ഉത്തരവിലുണ്ട്.
തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിലെ കീഴാലൂര്‍ ആര്യനാട് സ്റ്റേഡിയം, കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന പഞ്ചായത്ത് ജിഎംഎച്ച്എസ്എസ് കുലശേഖരം സ്റ്റേഡിയം, തൃശൂര്‍ പടിയൂര്‍ പഞ്ചായത്തിലെ പടിയൂര്‍ മൈതാനം, മലപ്പുറം പൊന്മുണ്ടം പഞ്ചായത്ത് സ്റ്റേഡിയം, കോഴിക്കോട് കായണ്ണ പഞ്ചായത്തിലെ കായണ്ണ സ്റ്റേഡിയം എന്നിവയാണ് അധിക പരിശോധന വേണ്ട സ്റ്റേഡിയങ്ങള്‍.
ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ സ്റ്റേഡിയത്തിനു കെഎസ്ഇബിയുടെയും എറണാകുളം കുമ്പളം പഞ്ചായത്ത് സ്റ്റേഡിയത്തിനു കേരള യൂണിവേഴ്സ്റ്റി ഫിഷറീസ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസിന്റെയും അനുമതി വേണം. അംഗീകാരം ലഭിച്ച സ്റ്റേഡിയങ്ങളുടെ നിര്‍മാണം വൈകാതെ തുടങ്ങും.