ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിനായി മായയും മര്‍ഫിയും തെലുങ്കാനയിൽ
Friday, March 7, 2025 1:33 AM IST
കൊച്ചി: തെലുങ്കാനയിലെ നാഗര്കൂര്ണിൽ തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിനായി കൊച്ചി സിറ്റി പോലീസ് കെ 9 ഡോഗ് സ്ക്വാഡിലെ മായയെയും മര്‍ഫിയെയും സ്ഥലത്തെത്തിച്ചു.
ഇന്നലെ രാവിലെ 6.30ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മായയും മര്‍ഫിയും ഹാന്‍ഡ്ലര്‍മാര്‍ക്കൊപ്പം പുറപ്പെട്ടത്.
പോലീസ് ഉദ്യോഗസ്ഥരായ പി. പ്രഭാതും കെ.എം. മനേഷുമാണ് മായയുടെ ഹാന്‍ഡ്ലര്‍മാര്‍. കെ.എസ്. ജോര്‍ജ് മാനുവലും വിനീതുമാണ് മര്‍ഫിയുടെ പരിചരണത്തിനുള്ളത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയോട് തെലുങ്കാന പോലീസ് രക്ഷാപ്രവര്‍ത്തനത്തിനായി മായയുടെയും മര്‍ഫിയുടെയും സഹായം ആവശ്യപ്പെടുകയായിരുന്നു.
മണ്ണിനടിയില്‍നിന്നു മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. ഇവര്‍ക്കു പത്തടിവരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്.
ബെല്‍ജിയന്‍ മലിനോയ്സ് ഇനത്തില്‍പ്പെട്ട അഞ്ചു വയസുള്ള മായയും മര്‍ഫിയും 2020 മാര്‍ച്ചിലാണ് കേരള പോലീസ് അക്കാദമിയില്‍ പരീശീലനം തുടങ്ങിയത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ കൊച്ചി സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡിലെത്തി. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും.
വയനാട് ദുരന്തത്തില്‍ 24 മൃതദേഹങ്ങള്‍ ഇവര്‍ കണ്ടെത്തിയിരുന്നു. പെട്ടിമുടി ദുരന്തത്തില്‍ എട്ടു മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നു കണ്ടെത്തിയത് മായയാണ്. പോലീസ് അക്കാദമിയില്‍ പരിശീലനം തുടങ്ങി മൂന്നു മാസത്തിനകമാണ് മായ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മായയും മര്‍ഫിയും ചേര്‍ന്നാണ് കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജമല, ഇലന്തൂര്‍ ഇരട്ട നരബലി, വടക്കാഞ്ചേരിയില്‍ കാണാതായവരെ കാട്ടിനുള്ളില്‍ കണ്ടെത്തിയ കേസ് എന്നീ സംഭവങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനും ഇവരുണ്ടായിരുന്നു.