ഓപ്പറേഷന് സ്നാക്സ് ഹണ്ട്: അപാകതകള്‍ കണ്ടെത്തിയ നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
1496463
Sunday, January 19, 2025 2:19 AM IST
ഇരിങ്ങാലക്കുട: സമൂസ, വട തുടങ്ങിയ പലഹാരങ്ങള്‍ വലിയതോതില്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ വേളൂക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുലര്‍കാല പരിശോധനനടത്തി.
പുലര്കാലങ്ങളില്മാത്രം പലഹാരനിര്‍മാണം നടത്തുകയും തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വിതരണം നടത്തുകയുംചെയ്യുന്ന സ്ഥാപനങ്ങളിലാണ് ഓപ്പറേഷന് ‘സ്നാക്സ് ഹണ്ട്’ എന്ന പേരില്‍ പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
അതില്‍ വൃത്തിഹീനമായും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളായ ലളിതം ഫുഡ് പ്രോഡക്ട്സ്, അക്ഷര ഫുഡ് എന്നിവയ്ക്ക് അപാകതകള്‍ പരിഹരിച്ചതിനുശേഷംമാത്രം പ്രവര്‍ത്തിക്കാവൂ എന്നു നിര്‍ദേശംനല്‍കി.
പരിശോധനകള്‍ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ലാലുമോന്, കെ.എസ്. ഷിഹാബുദ്ദീന്, കെ.എ. സ്മാര്‍ട്ട്, വി.എസ്. സുജിത്ത് എന്നിവര്‍ നേതൃത്വംനല്കി.