സൗന്ദര്യവത്കരണത്തിന്റെ പേരിൽ മരംമുറി; വിജിലൻസിനു പരാതി
1496458
Sunday, January 19, 2025 2:19 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സൗന്ദര്യവത്കരണത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരേ വിജിലൻസിനു പരാതിയുമായി നെടുപുഴ സ്വദേശിയും പൊതുപ്രവർത്തകനുമായ എ.ജെ. ജെയിംസ്. തൃശൂർ കോർപറേഷൻ കൂർക്കഞ്ചേരി സോണൽ ഓഫീസിനു കീഴിൽ വരുന്ന കണിമംഗലം നെടുപുഴ പനമുക്ക് ബണ്ട് റോഡ് നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും വേണ്ടി ബണ്ട് റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരേയാണ് പരാതി.
കണിമംഗലം പനമുക്ക് നെടുപുഴ റോഡ് രണ്ടു ഘട്ടങ്ങളിലായി നവീകരണവും സൗന്ദര്യവത്കരണവും നടത്തുന്നതിന് അനുമതി നൽകിയിരുന്നു. ഈ റോഡിലെ 300 മീറ്ററോളം വരുന്ന ബണ്ട് റോഡിൽ നിൽക്കുന്ന ചെറുതും വലുതുമായ മുപ്പതോളം മരങ്ങൾ മുറിച്ചുവിൽക്കുന്നതിനും റോഡരികിൽ കാന, നടപ്പാത എന്നിവ നിർമിക്കാതെ ഈ സ്ഥലത്തു ബണ്ട് റോഡിനോടുചേർന്ന് പാടംനികത്തി ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിനും എതിരേയാണ് ജെയിംസ് പരാതി നൽകിയത്. സംഭവത്തിൽ ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫിസർക്കും ജെയംസ് പരാതി സമർപ്പിച്ചിട്ടുണ്ട്.
മരങ്ങളുടെ ബലത്തിലാണ് ബണ്ടുകൾ ഇത്രയും നാളും കേടുപാടുകൾ ഇല്ലാതെ നിലനിന്നിരുന്നതെന്നും മരങ്ങൾ മുറിച്ചുമാറ്റുന്നതിലൂടെ അവയ്ക്കു തകരാർ സംഭവിക്കാൻ ഇടയുണ്ടെന്നും പൊതുപ്രവർത്തകൻ ആലത്ത് ഗോപിയും ആരോപിച്ചു.
ആരോപണം തള്ളി കൗണ്‍സിലർ
പനമുക്ക് കണിമംഗലം റോഡിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രോജക്ടാണ് ഓപ്പണ്‍ സ്ട്രീറ്റ് ഓപ്പണ്‍ ജിം എന്നതെന്നു കൗൺസിലർ എ.ആർ രാഹുൽനാഥ് പറഞ്ഞു. ഇതിനായി രണ്ടരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയെ കരുതിക്കൂട്ടി തകിടംമറിക്കാൻ വേണ്ടിയാണു പരാതിക്കാരൻ രംഗത്തുവന്നിരിക്കുന്നത്. പരാതിക്കാരൻ കാനയില്ല എന്നുപറയുന്നിടത്തു രണ്ടിടങ്ങളിലായും കാനനിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. അതിനുമുകളിൽ സ്ലാബും സ്ഥാപിച്ചിട്ടുണ്ട്.