ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകനു 33 വർഷം കഠിനതടവ്
1496475
Sunday, January 19, 2025 2:19 AM IST
ചാവക്കാട്: ബിജെപി പ്രവർത്തകനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകനായ പ്രതിക്കു 33 വർഷവും ഏഴുമാസവും കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ.
വെങ്കിടങ്ങ് പാടൂർ കൊല്ലങ്കി സനീഷി(33)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. മുല്ലശേരി പെരിങ്ങാട് കളപ്പുരയ്ക്കൽ വേലായുധന്റെ മകൻ വിഷ്ണുപ്രസാദിനെ(35) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. കേസിലെ മറ്റൊരു പ്രതിയായ ഹാരിസ് ഒളിവിലാണ്. പിഴസംഖ്യ പരിക്കേറ്റ വിഷ്ണുപ്രസാദിനു നൽകണമെന്നു വിധിയിൽ നിർദേശിച്ചു.
2016 ഒക്ടോബർ 21 നു രാവിലെയായിരുന്നു സംഭവം. രാഷ്ട്രീയവിരോധംവച്ച് സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽവന്ന് പാടൂർ ഇടിയന്ചിറ പാലത്തിനുസമീപം ബൈക്കിൽ വരികയായിരുന്ന വിഷ്ണുപ്രസാദിനെ തടഞ്ഞുനിർത്തി വാളുകൊണ്ട് വെട്ടി പരിക്കേല്പിക്കുകയായിരുന്നു. രക്ഷപ്പെടാനായി വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടിൽ ഓടിക്കയറി വാതിൽ അടച്ചെങ്കിലും വാതിൽ ചവിട്ടിപ്പൊളിച്ച് വീടിനുള്ളിൽ കയറിയ അക്രമിസംഘം വിഷ്ണുപ്രസാദിനെ വീണ്ടും വെട്ടി. മരിച്ചെന്നു കരുതി സംഘം വന്ന കാറിൽതന്നെ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ് വീടിനുപുറത്തേക്ക് ഇഴഞ്ഞെത്തി. അതുവഴിവന്ന ഓട്ടോറിക്ഷക്കാരനാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
മുല്ലശേരി, തിരുനെല്ലൂർ ഭാഗങ്ങളിൽ നടന്നിരുന്ന ആർഎസ്എസ്, സിപിഎം സംഘട്ടനങ്ങളെതുടർന്നുള്ള രാഷ്ട്രീയവൈരാഗ്യമായിരുന്നു ആക്രമണത്തിനു കാരണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ. രജിത് കുമാർ ഹാജരായി.