കപ്പലില്‍ കടൽകണ്ട് വയോജനങ്ങൾ
1496465
Sunday, January 19, 2025 2:19 AM IST
കോടാലി: കപ്പലിന്റെ വിശാലമായ ഓളപ്പരപ്പിലൂടെ നടത്തിയ ഉല്ലാസയാത്ര വയോജനങ്ങൾക്ക് സമ്മാനിച്ചത് അവിസ്മരണീയമായ കടൽക്കാഴ്ചകൾ. മറ്റത്തൂർ പഞ്ചായത്തിലെ 12-ാം വാർഡ് വയോജന ക്ലബാണ് 60 പിന്നിട്ടവർക്കായി കപ്പൽ യാത്ര ഒരുക്കിയത്.
വാർഡിലെ കടമ്പോട്, മോനൊടി, നീരാട്ടുകുഴി പ്രദേശങ്ങളിൽ നിന്നായി 51പേർ യാത്രയിൽ പങ്കെടുത്തു. ജീവിതത്തിലാദ്യമായി കടലും കപ്പലുംകണ്ട് അതിശയംകൊണ്ടവരും യാത്രയിലുണ്ടായിരുന്നു. ആദ്യമായി കപ്പലിൽകയറി യാത്രചെയ്തവരായിരുന്നു മിക്കവരും. ബസിൽ കൊച്ചിയിലെത്തിയ സംഘം ഉല്ലാസ നൗകയിലാണ് അറബിക്കടലിന്റെ വിശാലതയിലൂടെ യാത്രചെയ്തത്. ആട്ടവും പാട്ടുമായി നാല മണിക്കൂറോളംനീണ്ട കപ്പൽ യാത്ര മറക്കാനാവാത്ത അനുഭവമാണ് ഓരോരുത്തർക്കും സമ്മാനിച്ചത്.
കടമ്പോട് വയോജന ക്ലബ് പ്രസിഡന്റ് ടി.ഡി. ശ്രീധരൻ, സെക്രട്ടറി പിയൂസ് സിറിയക്, പി.എസ്. അംബുജാക്ഷൻ, പി.എസ്. സുരേന്ദ്രൻ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വംനൽകി.