പക്ഷികളെ അടുത്തറിയാം, ഇന്ദുചൂഡനെയും; "പാടിപ്പറക്കുന്ന മലയാളം' ശ്രദ്ധേയം
1496474
Sunday, January 19, 2025 2:19 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ശ്രവണമധുരമായ ശബ്ദങ്ങൾ സദാ പുറപ്പെടുവിക്കുന്ന കാടുമുഴക്കി, പനയുടെ അഭാവത്തിൽ ജീവിക്കാൻ പ്രയാസമുള്ള പനങ്കൂളൻ, തന്റെ കുടുംബത്തെ ജീവിതകാലം മുഴുവനും പരിപാലിക്കുന്ന മലമുഴക്കി വേഴാന്പൽ തുടങ്ങി നമ്മൾ കണ്ടതും കാണാത്തതുമായ പക്ഷികളുടെ വർണമനോഹരദൃശ്യങ്ങൾ. ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ അഞ്ചാമതു പക്ഷിച്ചത്ര പ്രദർശനം പാടിപ്പറക്കുന്ന മലയാളം ശ്രദ്ധേയമാകുന്നു.
പക്ഷിനിരീക്ഷകനായിരുന്ന വി.ടി. ഇന്ദുചൂഡന്റെ ജന്മശതാബ്ദിയുടെ ഭാഗമായി പക്ഷിനിരീക്ഷകരും പക്ഷികളെ ഇഷ്ടപ്പെടുന്നവരും ഫോട്ടോഗ്രാഫർമാരുമായ 22 പേരുടെ തെരഞ്ഞെടുത്ത 59 ചിത്രങ്ങളുമായി ലളിതകല അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം. ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് പക്ഷികളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായാണ് പ്രദർശനം മുന്നേറുന്നത്.
പരസ്പരം കിന്നാരം ചൊല്ലുന്ന തത്തച്ചിന്നൻ, പാറപ്പുറത്തു ചെടികൾക്കിടയിൽ പതിയിരിക്കുന്ന രാച്ചുക്ക്, വെള്ളത്തിൽ കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഗരുഡൻ ചാരക്കിളി, അന്നത്തിനായി അമ്മക്കിളിക്കു മുൻപിൽ വാശിപിടിക്കുന്ന ചേരക്കോഴികൾ, ചുവന്ന തലയും നീലവാലും ആകാശനീലിമയുള്ള കഴുത്തും പച്ചനിറത്തിലുള്ള ചിറകുമുള്ള പഞ്ചവർണത്തത്ത എന്ന പേരിൽ അറിയപ്പെടുന്ന പൂന്തത്ത തുടങ്ങി വ്യത്യസ്ത തരം കാടകൾ, പരുന്തുകൾ, ഇരപിടിയൻ കിളികൾ എന്നിങ്ങനെയുള്ള അപൂർവചിത്രങ്ങൾ കൗതുകം പകരുന്നവയാണ്.
രാവിലെ 10.30 മുതൽ രാത്രി ഏഴുവരെ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.