ടി.എൻ. പ്രതാപന് ഇനിയും ഒത്തിരി അങ്കത്തിനു ബാല്യമുണ്ട്: ചെന്നിത്തല
1496467
Sunday, January 19, 2025 2:19 AM IST
ഗുരുവായൂർ: എന്നും ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ടി.എൻ.പ്രതാപന് ഇനിയും ഒത്തിരി അങ്കത്തിന് ബാല്യമുണ്ടെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാവായിരുന്ന വി. ബാലറാം അനുസ്മരണോദ്ഘാടനം നിർവഹിച്ചും പൊതുപ്രവർത്തകനുള്ള വി.ബാലറാം സ്മാരക ട്രസ്റ്റിന്റെ ബാലറാം സ്മൃതി പുരസ്കാരം ടി.എൻ. പ്രതാപന് സമ്മാനിച്ചും പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. സ്ഥാനങ്ങൾ സ്വയം വേണ്ടെന്ന് വയ്ക്കുന്ന പൊതുപ്രവർത്തകനാണ് പ്രതാപൻ. സ്ഥാനങ്ങളും പദവികളും തരുന്നതും തീരുമാനിക്കുന്നതും പാർട്ടിയാണ്.
എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയപാർട്ടിയാണ് കോൺഗ്രസ്. ആശയപരമായ പോരാട്ടമാണു നടക്കുന്നത്. വർഗീയ ശക്തികളോടാണ് ഏറ്റുമുട്ടുന്നത്. അന്തിമ വിജയം കോൺഗ്രസിനുള്ളതാണ്. മുഖ്യമന്ത്രി ഇപ്പോൾ ഹിന്ദു വർഗീയ കാർഡാണ് കളിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ കാർഡിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്.
മുസ്ലിം ലീഗിനെ മുഖ്യമന്ത്രി വിമർശിക്കുന്നത് അതുകൊണ്ടാണ് - ചെന്നിത്തല കൂട്ടിച്ചേർത്തു. അർബൺ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബലറാം സ്മാരക ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷനായി.
അനിൽഅക്കര, പി.ടി. അജയ് മോഹൻ, സി.സി. ശ്രീകുമാർ, ജോസ് വള്ളൂർ, ജോസഫ് ചാലിശേരി,സി.എച്ച്. റഷീദ്, അരവിന്ദൻ പല്ലത്ത്, കെ.പി. ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വയലിൻ കലാകാരി ഗംഗ ശശീധരനെ ആദരിച്ചു.