വരവൂർ സ്കൂളിൽ എഐ ടീച്ചറെത്തി
1496470
Sunday, January 19, 2025 2:19 AM IST
എരുമപ്പെട്ടി: വരവൂർ ഗവ. എൽപി സ്കൂളിൽ പഠിപ്പിക്കാൻ എഐ ടീച്ചറെത്തി. നിർമിതബുദ്ധിയുടെകാലത്ത് കുട്ടികൾക്ക് പഠനം ഉല്ലാസവും ആയാസകരവുമാക്കുകയെന്നതാണ് എഐ ടീച്ചറുടെ ദൗത്യം. വിദ്യാഭ്യാസമേഖലയിൽ മികവു പുലർത്തുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമേതാണെ ന്ന യു.ആർ. പ്രദീപ് എംഎൽഎയുടെ ചോദ്യത്തിന് എഐ ടീച്ചർ നൽകിയ ഉത്തരം കേരളം.
നിറഞ്ഞ കെെയടികൾക്കിടയിൽ ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾകേട്ടും എംഎൽഎ എഐ ടീച്ചറുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ എഐ ടീച്ചറുള്ള മൂന്നാമത്തെ വിദ്യാലയവും തൃശൂർ ജില്ലയിലെ ആദ്യത്തെ സർക്കാർ വിദ്യാലയവും വരവൂർ ഗവ. എൽപി സ്കൂളാണ്. പ്രധാന അധ്യാപിക കെ. ഉഷാകുമാരിയാണ് തന്റെ വിദ്യാർഥികൾക്കായി എഐ ടീച്ചറെ സമ്മാനിച്ചത്.
വരവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജി. ദീപു പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. സേതുമാധവൻ, പിടിഎ പ്രസിഡന്റ് എൻ.എസ്. സജീഷ്, എസ്എംസി ചെയർമാൻ മണികണ്ഠൻ, എംപിടിഎ പ്രസിഡന്റ് പി.ആർ. ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.