അനധികൃത മത്സ്യബന്ധനം; ബോട്ട് പിടിച്ചെടുത്ത ു
1496472
Sunday, January 19, 2025 2:19 AM IST
ചെറുമത്സ്യങ്ങളെ പിടികൂടിയതിനു രണ്ടരലക്ഷം പിഴ
അഴീക്കോട്: സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ്- മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. ബോട്ടിന് 2,50,000 രൂപ പിഴ ഈടാക്കി. ഉപയോഗയോഗ്യമായ 51,800 രൂപയുടെ മത്സ്യം ലേലംചെയ്തു തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.
എറണാകുളം കടവന്ത്ര ഗിരിനഗറിൽ ജോസ് ഏബ്രഹാമിന്റെ ഭാര്യ ദീപയുടെ ഉടമസ്ഥതയിലുള്ള ആരാധന എന്ന മത്സ്യബന്ധനബോട്ടാണു പിടിച്ചെടുത്തത്. 12 സെന്റീമീറ്ററിൽതാഴെ വലിപ്പമുള്ള 5300 കിലോഗ്രാം കിളിമീനാണു ബോട്ടിലുണ്ടായിരുന്നത്.
ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനുതാഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യബന്ധനനിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. നിരോധിത വലകൾ ഉപയോഗിച്ചാണ് ഇത്തരം ചെറുമത്സ്യങ്ങളെ പിടിക്കുന്നത്. ഇതു പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്കു ഭീഷണിയാണ്. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാലിത്തീറ്റ കമ്പനികളിലേക്കാണു ചെറുമത്സ്യങ്ങൾ വ്യാപകമായി കയറ്റിപ്പോകുന്നത്.
ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണു ബോട്ട് പിടിച്ചെടുത്തത്.
എഎഫ്ഇഒ സംന ഗോപൻ, മെക്കാനിക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ ഷെഫീക്, സിജീഷ്, സ്രാങ്ക് സന്തോഷ് മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരാണു പ്രത്യേക പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.