വികസനപ്രവർത്തനങ്ങളിൽ രാഷ്ട്രീയമുണ്ടാകരുത്: മന്ത്രി
1496460
Sunday, January 19, 2025 2:19 AM IST
ചാലക്കുടി: കേരളത്തിന്റെ വികസനപ്രവർത്തനങ്ങളിൽ രാഷ്ട്രീയം ഉണ്ടാകേണ്ട കാര്യമില്ലെന്നും പൊതു ഇടങ്ങളിൽ യോജിപ്പിന്റെ മേഖല കണ്ടെത്തണമെന്നും മന്ത്രി കെ. രാജൻ.
ചാലക്കുടി നഗരസഭ, എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നു അനുവദിച്ച 1.50 കോടി രൂപ ചെലവിൽ നിർമിച്ച സി.ഐ. ജോർജ് സ്മാരക സുവർണജൂബിലി ഓഫീസ് അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സണ് ആലീസ് ഷിബു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. ബിജു എസ്. ചിറയത്ത്, പ്രീതി ബാബു, ആനി പോൾ, എം.എം. അനിൽകുമാർ, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ ബിജി സദാനന്ദൻ, റോസി ലാസർ എന്നിവർ പ്രസംഗിച്ചു.
ബൊക്കെയ്ക്ക് പ്ലാസ്റ്റിക് കവർ:
നഗരസഭയ്ക്കു മന്ത്രിയുടെ വിമർശനം
ചാലക്കുടി: മന്ത്രിക്കു നൽകിയ ബൊക്കെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞതുകണ്ട് നഗരസഭയ്ക്ക് വിമർശനം. നഗരസഭയുടെ സി.ഐ. ജോർജ് സ്മാരക ഓഫീസ് അനക്സ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജനാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ബൊക്കെ നൽകിയത്.
ബൊക്കെ കൊള്ളാം, എന്നാൽ അതു പൊതിഞ്ഞ പ്ലാസ്റ്റിക് കവർ നമുക്ക് ചേർന്നതല്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ നഗരസഭാ സെക്രട്ടറിക്ക് ഒരു താക്കീതുംനല്കി. മേലിൽ നഗരസഭയുടെ ഒരു സ്ഥാപനത്തിലും പ്ലാസ്റ്റിക് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്തകേരളത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ടാണ് നഗരസഭ പ്ലാസ്റ്റിക് കൊണ്ട് ബൊക്കെ നൽകിയതിനെ വിമർശിച്ചത്. മന്ത്രിയുടെ പാർട്ടിക്കാരിയായ കൗൺസിലർ ബിന്ദു ശശികുമാറാണ് പ്ലാസ്റ്റിക് പൊതിഞ്ഞ ബൊക്കെ നൽകിയത്.