മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
1496693
Sunday, January 19, 2025 11:39 PM IST
ചെറുതുരുത്തി: വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനു സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചനിലയിൽ. സ്റ്റേഷനിൽനിന്ന് ഒരുകിലോമീറ്റർ അകലെ പതിനഞ്ചാം പാലത്തിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. ചെറുതുരുത്തി താഴപ്ര തെക്കേക്കര മേൽവീട്ടിൽ രാമന്റെ മകൻ രവീന്ദ്രൻ എന്ന രവി(58)യാണ് മരിച്ചത്. വെട്ടിക്കാട്ടിരിയിൽ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമായിരുന്നു. റെയിൽവേ ട്രാക്കിനു സമീപം രവീന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു.
ഇന്നലെ രാത്രി എട്ടിനാണ് സംഭവം. സ്ത്രീ ഉൾപ്പടെ മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന ലോക്കോ പൈലറ്റ് പറഞ്ഞത് ആശങ്ക വർധിപ്പിച്ചു. ഓട്ടോയിൽ രണ്ടു സ്ത്രീകളുടെ ചെരുപ്പുകൂടി കണ്ടെത്തിയതോടെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മുന്നിലേക്കും പിന്നിലേക്കും വള്ളത്തോൾ നഗർ പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ചെരുപ്പിന്റെ ഉടമകൾ വീട്ടിലുണ്ടെന്ന് അറിഞ്ഞതോടെ തെരച്ചിൽ അവസാനിപ്പിച്ചു.
എറണാകുളത്തുനിന്ന് കണ്ണൂരിലേക്കുപോയ ആലപ്പി-കണ്ണൂർ എക്സ്പ്രസ് ആണു തട്ടിയത്. റെയിൽവേ ട്രാക്ക് മുറിച്ചുകിടക്കുന്നതിനിടെ ഉണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: രാഹുൽ, ഹർഷ, ഹരിത. മരുമകൻ: രാജേഷ്.